2.5 മില്യന്‍ മീല്‍സ് പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

140

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.6 മില്യന്‍ ദിര്‍ഹം. ജിസിസിയിലും ഫാര്‍ ഈസ്റ്റിലും ഒറ്റപ്പെട്ടു പോയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും 30 ദിവസത്തേക്ക് ഉപയോഗിക്കാനാകുന്ന 15,000 ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു.

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജിസിസിയിലും പൂര്‍വേഷ്യയിലുമുള്ള തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയോ, ഒറ്റപ്പെട്ടു പോവുകയോ ചെയ്ത തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 15,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത് ആരംഭിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ ലോകം ഇപ്പോള്‍ നേരിടുന്ന അഭൂതപൂര്‍വ സാഹചര്യങ്ങള്‍ക്കനുസൃതമായി പുന:ക്രമീകരിച്ചതിന്റെ ഭാഗമായാണ് ഈ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചത്.
കോവിഡ് 19ന്റെ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ലെങ്കിലും, കുറഞ്ഞ കാലത്തേക്കെങ്കിലും സാധാരണ ജീവിതം തടസ്സപ്പെടുത്തുമെന്നുറപ്പാണ്. ഇതിന്റെ ഭാഗമായാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഈ സംരംഭം നടപ്പാക്കുന്നത്. കോവിഡ് 19ന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ച സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഈ പദ്ധതി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 19ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, കോവിഡ് 19 മഹാമാരിയോടനുബന്ധിച്ച് തൊഴില്‍ നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്ത കുടുംബങ്ങളേയും വ്യക്തികളെയും സഹായിക്കുന്നതിന്റെ ഭാഗമായി ’10 മില്യന്‍ മീല്‍സ്’ എന്ന കാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ കാമ്പയിനാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യക്കാര്‍ക്ക് 2.5 മില്യന്‍ മീല്‍സ് നല്‍കാന്‍ പ്രചോദനമായത്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വളരെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് സിഎസ്ആര്‍. കോവിഡ് 19നെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ലോകം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പ്രതിസന്ധി ബാധിച്ച വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമാവാനും ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനുമായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് വ്യക്തികളും കമ്പനികളും അവയുടെ സമൂഹത്തോടുള്ള കടമ നിര്‍വഹിക്കേണ്ടതെന്നും എല്ലാവരും ഒരുമയോടെ നില്‍ക്കേണ്ടതും പ്രധാനമാണെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈയവസരത്തില്‍ മറ്റ് കമ്പനികളോടും വ്യക്തികളോടും അവരുടെ പ്രദേശത്തുള്ള ദുരിത ബാധിതരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റവും മികച്ച രീതിയില്‍ തന്നെ തുടരാനും, ആവശ്യക്കാര്‍, ഞങ്ങളുടെ പങ്കാളികള്‍, ഭരണാധികാരികള്‍ എന്നിവര്‍ക്കുള്ള പിന്തുണ തുടരാനും സാധിക്കുന്നുണ്ടെന്നും ഒപ്പം, സമൂഹത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അരി, ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകള്‍ക്കോ 30 ദിവസത്തെ ഉപയോഗത്തിന് പറ്റുന്നതാണ്. ഇതിനായി 1.6 മില്യന്‍ ദിര്‍ഹം വകയിരുത്തിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ടീം, മറ്റു സാമൂഹിക സംഘടനകളോടും അസോസിയേഷനുകളോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചായിരിക്കും ഈ ഘട്ടത്തില്‍ ഇവിടെ കഷ്ടതയനുഭവിക്കുന്ന അര്‍ഹരായ ആളുകളെ കണ്ടെത്തുക. ജിസിസിയിലും ഫാര്‍ ഈസ്റ്റിലുമുള്ള ഭക്ഷണ കിറ്റുകള്‍ ആവശ്യമുള്ളവരെ അതത് എംബസികള്‍, പ്രാദേശിക സംഘടനകള്‍, നോര്‍ക, കെഎംസിസി, റെഡ് ക്രസന്റ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി തുടങ്ങിയവ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉപയോക്താക്കള്‍ എന്നിവയിലൂടെ ആയിരിക്കും കണ്ടെത്തുക.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പിന്തുടരുന്ന സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗ്രൂപ്, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നുണ്ട്. ഓരോ പ്രദേശത്തും ലഭിക്കുന്ന ലാഭത്തിന്റെ അഞ്ച് ശതമാനം, അവിടത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാറുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടത്തുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പാര്‍പ്പിടം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ്. നിലവില്‍ ജിസിസി, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളില്‍ ഷോറൂമുകളുള്ള ഗ്രൂപ്, ഓരോ ഇടത്തും സമാന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളോടൊപ്പം നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.