20,000 പിന്നിട്ട് മഹാരാഷ്ട്ര

21
കോവിഡ് മുക്തമായി ചണ്ഡീഗഡിലെ പിഗ്മര്‍ ആശുപത്രി വിടുന്നവര്‍ക്ക് ഡോക്ടര്‍ ബൊക്കെ നല്‍കി യാത്രയാക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇന്നലെ 1,165 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,228 ആയി.
24 മണിക്കൂറിനിടെ 48 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 779 ആയി. 3,470 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയില്‍ ഇന്നലെ 748 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 12,864 ആയി. 449 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 833 ആയി. 27 മരണങ്ങളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം പുനെയിലെ ദോണ്ടില്‍ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച സംസ്ഥാന പൊലീസ് റിസര്‍വ് ഫോഴ്‌സിലെ 15 പൊലീസുകാര്‍ക്കു കൂടി കോവിഡ്-19 ബാധിച്ചതായി എസ്.പി. ആര്‍.എഫ്. കമാന്‍ഡന്റ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച എസ്.പി.ആര്‍.എഫ്. അംഗങ്ങളുടെ എണ്ണം 27 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ 160 ജവാന്മാരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. അതേ സമയം മഹാരാഷ്ട്രയില്‍ 714 പൊലീസുദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 648 പേരാണ് ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മഹാരാഷ്ട്രക്ക് പിന്നില്‍ ഗുജറാത്തിലാണ് കോവിഡ് കേസുകള്‍ പടര്‍ന്നു പിടിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി എയിംസ് ഡയരക്ടറുടെ നേതൃത്വത്തില്‍ ഒമ്പതംഗ കേന്ദ്ര മെഡിക്കല്‍ സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്നലെ പുതുതായി 394 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 7797 ആയി. 472 പേരാണ് ഇതിനോടകം ഗുജറാത്തില്‍ കോവിഡ് വന്ന മരിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ പുതുതായി 224 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6542ആയി. 68 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം 3655 ആയി. 103 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. തലസ്ഥാനമായ ജയ്പൂരില്‍ 1169 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
904 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജോധ്പൂരാണ് കോവിഡ് ബാധയില്‍ രണ്ടാമത്. മധ്യപ്രദേശില്‍ 3341 കേസുകളും 200 മരണവും സ്ഥിരീകരിച്ചപ്പോള്‍ യു.പിയില്‍ കോവിഡ് കേസുകള്‍ 3214 ആയി. 66 മരണങ്ങളും യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ 31 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണം 1762 ആയി. 31 മരണങ്ങളാണ് പഞ്ചാബില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.