23 ലക്ഷത്തോളം പേര്‍ രാജ്യത്ത് ക്വാറന്റീനില്‍

മുംബൈ ചത്രപതി ശിവജി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യാത്രക്കാരന് ഹോം ക്വാറന്റീന്‍ സീല്‍ പതിപ്പിക്കുന്ന ആരോഗ്യ വകുപ്പ് പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരടക്കം രാജ്യത്ത് 23 ലക്ഷത്തോളം പേര്‍ ക്വാറന്റീനില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒരുക്കിയ ക്വാറന്റീനിലാണ് ഇത്രയും പേരുള്ളതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മെയ് 26 വരെയുള്ള കണക്ക് അനുസരിച്ച് 22.81 ലക്ഷം പേരാണ് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിയത്. മെയ് 14ന് ഇത് 11.95 ലക്ഷം മാത്രമായിരുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്റീനിലുള്ളത്. 6.02 ലക്ഷം. ഗുജറാത്താണ് തൊട്ടു പിന്നില്‍ 4.42 ലക്ഷം. ഇരു സംസ്ഥാനങ്ങളിലും മെയ് 14ന് ഇത് 29 ലക്ഷവും രണ്ട് ലക്ഷവുമായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ലോക്ക്ഡൗണ്‍ മുതല്‍ ബുധനാഴ്ച വരെ 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ ബസ്, ട്രെയിന്‍ ഉള്‍പ്പെടെ വിവിധ വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
വന്ദേഭാരത് മിഷന്‍ പ്രകാരം 40 രാജ്യങ്ങളില്‍ നിന്നും 30,000 പേരെ തിരികെ രാജ്യത്തെത്തിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 60 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷം പേരെ തിരികെ കൊണ്ടുവരാനാണ് ആലോചന. നിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ട്രെയിന്‍, ബസ്, വിമാന സര്‍വീസ് ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരാണ്.
ക്വാറന്റീന്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയത് ഏഴു ലക്ഷത്തോളം പേരാണ്. ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റീനില്‍ കഴിയുന്നത് യു.പിയിലാണ്. 3.6 ലക്ഷം പേര്‍. 2.1 ലക്ഷം പേര്‍ ക്വാറന്റീനില്‍ കഴിയുന്ന ബിഹാറാണ് ഇക്കാര്യത്തില്‍ രണ്ടാമത്.
ചത്തീസ്ഗഡ് 1.86 ലക്ഷം, ഒഡീഷ 1.18 ലക്ഷം, ജാര്‍ഖണ്ഡ് 88,536, പഞ്ചാബ് 37,618, ജമ്മുകശ്മീര്‍ 30,983, ഹിമാചല്‍ പ്രദേശ് 25,238, രാജസ്ഥാന്‍ 19,418, ആന്ധ്രപ്രദേശ് 14,930, അസം 13,914, കേന്ദ്രഭരണ പ്രദേശമായ ലഡാകില്‍ 13,538 പേര്‍ എന്നിങ്ങനെയാണ് ക്വാറന്റീനിലുള്ളത്. 4,531 പേരാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 1,58,333 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 42.75 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.