23,000 കടന്ന് മഹാരാഷ്ട്ര

12
മുംബൈയിലെ ബോറിവാലി റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കായി കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികളും കുടുംബാംഗങ്ങളും

മുംബൈ: രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,401 ആയി. 1,230 പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 36 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 868 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 14,355 ആയി. കോവിഡ് ബാധിച്ച് മുംബൈയില്‍ മാത്രം മരിച്ചത് 528 പേരാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയില്‍ ധാരാവിയില്‍ ഇന്നലെ 57 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 916 ആയി. 29 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1000 പൊലീസുകാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ആര്‍തര്‍ റോഡ് ജയിലില്‍ ജീവനക്കാരുള്‍പ്പെടെ 184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 1237 ആക്ടീവ് കണ്‍ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. ഇതുവരെ 4,199 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. അതേസമയം രാജ്യത്തെ കോവിഡ് വിമുക്തിയുടെ നിരക്ക് 31.15 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 20,917 പേര്‍ ഇതിനോടകം രാജ്യത്ത് കോവിഡില്‍ നിന്നും മുക്തമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 1,559 പേരാണ് കോവിഡില്‍ നിന്നും മുക്തരായത്. അതേ സമയം 4213 പുതിയ കേസുകളും 101 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 67സ152 ആയി ഉയര്‍ന്നു. 2,206 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രക്ക് പിന്നിലായി ഗുജറാത്താണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാമത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8,542 ആയി ഉയര്‍ന്നു. 513 പേരാണ് ഇതുവരെ ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 347 കേസുകളാണ് റി പ്പോര്‍ട്ട് ചെയ്തത്. 245 പേരാണ് ഗുജറാത്തില്‍ കോവിഡ് മുക്തി നേടിയത്. ദക്ഷിണേന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള തമിഴ്‌നാടാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംസ്ഥാനം. 8002 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2051 പേര്‍ തമിഴ്‌നാട്ടില്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയ്‌പ്പോള്‍ 53പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 7000ത്തിലേക്ക്. 6923 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 2069 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 73 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
രാജസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം 3814 ആയി. 107 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 2176 പേരാണ് രാജസ്ഥാനില്‍ കോവിഡില്‍ നിന്നും മുക്തരായത്.
കോവിഡ് മരണങ്ങളില്‍ മൂന്നാമതുള്ള മധ്യപ്രദേശില്‍ 3785 പേര്‍ക്കാണ് രോഗം ബാധിച്ചത്. 221 പേര്‍ ഇതിനോടകം കോവിഡിന് കീഴടങ്ങിയപ്പോള്‍ 2176 പേര്‍ രോഗ മുക്തി നേടി. ഉത്തര്‍ പ്രദേശില്‍ കോവിഡ് വൈറസ് വ്യാപനം തുടരുകയാണ്. 3573 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 1653 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ 80 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
2000 കോവിഡ് കേസുകള്‍ പിന്നിട്ട രണ്ടാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 2023 ആയി. 925 പേര്‍ സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയപ്പോള്‍ 45 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ കണക്ക് അനുസരിച്ച് മരണ സംഖ്യ 115 ആണെങ്കിലും കേന്ദ്ര കണക്ക് അനുസരിച്ച് 185 മരണങ്ങളാണ് സംസ്ഥാനത്ത് കോവിഡ് മൂലം ഉണ്ടായത്. 2063 പേര്‍ക്ക് കോവിഡ് ബാധിച്ച ബംഗാളില്‍ 417 പേര്‍ രോഗ മുക്തി നേടി.
പഞ്ചാബില്‍ 1877പര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 31 പേര്‍ കോവിഡ് ബാധിച്ച് മരിച്ച സംസ്ഥാനത്ത് 166 പേര്‍ രോഗ മുക്തി നേടി. കര്‍ണാടകയില്‍ 14 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണം 862 ആയി. 31 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.