38 വര്‍ഷത്തെ സേവനം; വേണുമാസ്റ്റര്‍ വിരമിക്കുന്നു

പട്ടാമ്പി: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച പട്ടാമ്പി ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.വേണുഗോപാലന്‍ മാസ്റ്റര്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍നിന്നും വിരമിക്കുന്നു. ഡി.പി.ഇ.പി., എസ്.എസ്.കെ.സമഗ്ര ശിക്ഷ കേരള തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളില്‍ അധ്യാപക പരിശീലകനായിരുന്നു. ഒന്നാം ഘട്ട സാക്ഷരതാ പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, സ്‌റ്റെപ്പ് പരീക്ഷയുടെ സംസ്ഥാന വിദഗ്ധ സമിതി അംഗം, പാഠപുസ്തക സമിതി അംഗം, പ്രതിഭോത്സവം സംസ്ഥാന ചോദ്യ നിര്‍മ്മാണ സമിതി അംഗം, സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുഖമാസികയായ വിദ്യാരംഗത്തിലും ത്രൈമാസികയായ ശാസ്ത്ര രംഗത്തിലും വിവിധ പംക്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കേരള സര്‍വ്വീസ് ചട്ടപ്രകാരം ഒരു സര്‍ക്കാര്‍ അധ്യാപകന് അപൂര്‍വ്വ ബഹുമതിയാണ് 38 വര്‍ഷത്തെ സേവനപരിചയം എന്നത്. തിരുവേഗപ്പുറ നടുവട്ടം സ്വദേശിയാണ്.