കോഴിക്കോട് ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണത്തില്‍

10
മധുരക്കാഴ്ച... ഇന്നലെ തുറന്ന മിഠായി തെരുവ്

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്നലെ വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 48 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2280 എണ്ണം നെഗറ്റീവ് ആണ്. 148 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്നലെ വന്ന 76 പേര്‍ ഉള്‍പ്പെടെ ആകെ 240 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.
ഇതില്‍ 110 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 130 പേര്‍ വീടുകളിലുമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 36 പേര്‍ ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

43, 54 തുടരും അഞ്ച് വാര്‍ഡുകളിലെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ഒഴിവാക്കി
കോഴിക്കോട്: കോര്‍പ്പറേഷനിലെ 42 മുതല്‍ 45 വരെയും 55, 56 വാര്‍ഡുകളിലും പ്രഖ്യാപിച്ചിരുന്ന ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതായി ജില്ലാകലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച് 36 ദിവസം കഴിഞ്ഞും രോഗപ്പകര്‍ച്ച ഇല്ലെന്ന് കണ്ടതിനാലാണിത്.
എന്നാല്‍ കോര്‍പ്പറേഷനിലെ 43, 54 വാര്‍ഡുകളില്‍ മാത്രം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ തുടരും. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ആയി ശേഷിച്ചിരുന്ന കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളില്‍ 43,54 എന്നിവയിലായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

കരുതല്‍.. മിഠായി തെരുവില്‍ എത്തിയയാളെ തെര്‍മല്‍ ഗണ്‍ ഉപയോഗിച്ച് പരിശോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്‍