50 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍

11
ഫിലിപ്പീന്‍സിലെ മനിലയില്‍ ലോക്ക്ഡൗണ്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രത്യേക കോവിഡ് പരിശോധനക്കുള്ള ചെക്ക് പോയിന്റില്‍ വാഹനങ്ങള്‍ ക്യൂപാലിച്ച് നില്‍ക്കുന്നു

മരണ സംഖ്യ 3.26 ലക്ഷം; ബ്രസീലില്‍ രോഗം പടര്‍ന്നു പിടിക്കുന്നു

വാഷിംങ്ടണ്‍: ലോകത്താകമാനം കോവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 3.26 ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 15 ലക്ഷത്തിന് മുകളിലാണ് യു.എസിലെ രോഗ ബാധിതര്‍. 93,553 പേര്‍ മരിക്കയും ചെയ്തു. കോവിഡിന്റെ ഏറ്റവും പുതിയ ആഘാത കേന്ദ്രമായ ബ്രസീലില്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍. ചൊവ്വാഴ്ച മാത്രം ബ്രസീലില്‍ 1179 പേര്‍ മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റെക്കോര്‍ഡ് മരണനിരക്കാണിത്. 881 മരണമായിരുന്നു ഇതിന് മുമ്പ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണ നിരക്ക്.
തീവ്രവലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊണാരൊ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നതിനിടയിലാണ് രാജ്യത്ത് വൈറസ് വ്യാപകമാകുന്നത്. യു.എസിനും റഷ്യക്കും പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലില്‍ പതിനെട്ടായിരത്തോളം പേര്‍ ഇതിനോടകം മരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കൊറോണയുടെ ആഘാതം കുറഞ്ഞിട്ടുണ്ട്. 27,778 പേരുടെ ജീവനെടുത്ത സ്പെയിനില്‍ ആശ്വാസമായി 24 മണിക്കൂറിനിടെ 69 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 162 മരണവും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സ്ഥിരമായി ആയിരത്തിന് മുകളില്‍ മരണമുണ്ടായിരുന്ന ഈ രണ്ട് രാജ്യങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്ക് 200 നുള്ളിലാണ്. പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. അതേസമയം യുകെയില്‍ ചൊവ്വാഴ്ച 545 മരണം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലാണ്. 35,341 പേരാണ് മരിച്ചത്. 2,48,818 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 32,169 മരണവും 226699 രോഗബാധിതരുമാണുള്ളത്.
യൂറോപ്പ് മുഴുവന്‍ വ്യാധിയുടെ പിടിയിലായപ്പോഴും പ്രതിരോധിച്ച് നിന്ന റഷ്യയാണ് ഇന്ന് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. തുടക്കത്തില്‍ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച റഷ്യയില്‍ പിന്നീട് രോഗം പടര്‍ന്നുപിടിക്കുകയായിരുന്നു. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,764 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,08,705 ആയി. അമേരിക്കക്ക് ശേഷം രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. 135 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2,972 ആയി. 85,392 പേര്‍ക്കാണ് രോഗം ഭേദമായത്. 2300-ലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്. റഷ്യയിലെ രോഗബാധിതരില്‍ ഏറെയും തലസ്ഥാനമായ മോസ്‌കോയിലാണ്. ഇപ്പോള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് വ്യാപിക്കുന്നുണ്ട്.