59,000 കടന്ന് മഹാരാഷ്ട്ര

മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ശ്രമിക് തീവണ്ടിക്കായി ക്യൂ നില്‍ക്കുന്ന തൊഴിലാളികള്‍

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 19,372
അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും പ്രവേശനം വിലക്കി കര്‍ണാടക

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 59,000 കടന്നു. 59,546 കോവിഡ് കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്. 1982 പേരാണ് ഇതുവരെ കോവിഡ് വന്ന് സംസ്ഥാനത്ത് മരിച്ചത്. ഇന്നലെ മാത്രം 2598 പുതിയ കേസുകളും 85 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 36,450 കോവിഡ് കേസുകളാണുള്ളത്. 1123 മരണവും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 36 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ധാരാവിയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 1675 ആയി. 61 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 22 ആയി. നിലവില്‍ 2095 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താനെയില്‍ രണ്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 827 പുതിയ കേസുകളും 12 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 19,372 ആയി. 145 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 559 പേര്‍ ചെന്നൈയിലാണ്.
ഇതോടെ ചെന്നൈയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 12,762 ആയി ഉയര്‍ന്നു. അതേ സമയം കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും റെയില്‍, വ്യോമ, റോഡ് മാര്‍ഗം വരുന്നവര്‍ക്ക് കര്‍ണാടക വിലക്ക് ഏര്‍പ്പെടുത്തി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്ത 8-10 ദിവസത്തിനു ശേഷം ഇക്കാര്യം വീണ്ടും പുനപരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 115 പേര്‍ക്കാണ് കര്‍ണാടകയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2533 ആയി. 47 പേരാണ് കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചത്.