ദുബൈയിലെ 70 പാര്‍ക്കുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുന്നു

118

ദുബൈ: തിങ്കളാഴ്ച മുതല്‍ ദുബൈയിലെ 70 പാര്‍ക്കുകള്‍ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റിയെ ഉദ്ധരിച്ച പ്രമുഖ അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 15ന് അടച്ചിട്ട പാര്‍ക്കുകള്‍ പതുക്കെ തുറക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുക. അഞ്ചില്‍ കൂടുതലുള്ള ഗ്രൂപ്പുകളായി പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ പാടില്ല. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. ആദ്യഘട്ടമായി മെയ് 12 ന് ദുബൈയിലെ പൊതുപാര്‍ക്കുകള്‍ തുറന്നിരുന്നു. ഇനി രണ്ടാം ഘട്ടത്തിലാണ് തിങ്കളാഴ്ച 70 പാര്‍ക്കുകള്‍ തുറക്കുന്നത്. ഇതില്‍ പോണ്ട് പാര്‍ക്കുകള്‍ ഉള്‍പ്പെടെ മിറാക്കിള്‍ കേവ്, ഖുര്‍ആനിക് പാര്‍കിലെ ഗ്ലാസ് ഹൗസ് തുടങ്ങിയവ പ്രവര്‍ത്തിക്കും. മൂന്നാം ഘട്ടമായി ഈ മാസം 24ന് മുഷ്‌റിഫ്, അല്‍മംസാര്‍, അല്‍ഖോര്‍, സാബീല്‍, അല്‍സഫാ പാര്‍ക്കുകള്‍ തുറക്കും.