
ഷാര്‍ജ: നാട്ടിലേക്ക് തിരിക്കാനായി എയര്‍പോര്‍ട്ടിലെത്തി അവശ നിലയിലായ മലപ്പുറം സ്വദേശി കെഎംസിസി നല്കിയ സഹായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. 42 കാരനായ അബ്ദുല്‍ മജീദ് ക്ഷയ രോഗം മൂലമുള്ള തുടര്‍ച്ചയായ പനിയും ചുമയും ശ്വാസ തടസ്സവും സഹിക്കാനാവാതെ അവശനായി ജനുവരി ആദ്യം നാട്ടിലേക്ക് മടങ്ങാന്‍ ഷാര്‍ജ എയര്‍പോട്ടില്‍ എത്തിയതായിരുന്നു. എയര്‍പോര്‍ട്ടിനകത്ത് അസുഖം മൂര്‍ഛിക്കുകയും ഉടന്‍ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വൈകാതെ അബോധാവസ്ഥയിലാവുകയും ചെയ്തു. അജ്മാനിലെ ഒരു സൂപര്‍ മാര്‍ക്കറ്റിലായിരുന്നു മജീദ് ജോലി ചെയ്തിരുന്നത്. മജീദിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. ബന്ധുക്കള്‍ ഷാര്‍ജ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഫര്‍ഷാദ് ഒതുക്കുങ്ങലിനെ ബന്ധപ്പെടുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി മഷ്ഹൂദ് കാഞ്ഞികോത്തും ഫര്‍ഷാദ് ഒതുക്കുങ്ങലും മജീദിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ആരാഞ്ഞു. ജീവന്റെ തുടിപ്പ് മാത്രം ബാക്കി വെച്ച് ചേതനയറ്റ പോലെ കിടക്കുന്ന മജീദ് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ പ്രയാസപ്പെടുകയായിരുന്നു. ഹോസ്പിറ്റല്‍ ബില്‍ എങ്ങനെ കണ്ടെത്തുമെന്ന വേവലാതിയില്‍ കുടുംബവും.
ഇതിനിടെ, മജീദിന്റെ ദയനീയാവസ്ഥ കേട്ടറിഞ്ഞ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്സണ്, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, പി.കെ അന്‍വര്‍ നഹ തുടങ്ങിയവര്‍ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു.
ചികിത്സ തുടരുന്നിതിനിടക്ക് ശ്വസിക്കാന്‍ സഹായിക്കുന്ന ബിപാപ് മെഷീന് സ്വന്തം ചെലവില്‍ എത്തിക്കണമെനായി ആശുപത്രി മാനേജ്മന്റ്.
ആരോഗ്യ സ്ഥിതി വീണ്ടെടുക്കുമ്പോഴേക്കും മൂന്നു ലക്ഷം ദിര്ഹമോളമായി ബില്‍ തുക. തുടര്‍ന്ന് പി.കെ അന്‍വര്‍ നഹ ആശുപത്രിയില്‍ മജീദിനെ സന്ദര്‍ശിക്കുകയും ഭീമമായ തുക അടക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. അങ്ങനെ, നീണ്ട 3 മാസത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യവാനായി മജീദ് റൂമിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം പൂര്‍ണ ആരോഗ്യവാനായി മജീദ് നാട്ടിലേക്ക് വിമാനം കയറി.