ആംബുലന്‍സ് വിട്ടുകിട്ടി; ഗൂഢാലോചന പൊളിയുന്നു നീങ്ങുന്നത് ചതിയുടെ മുഖാവരണം

12

മരുന്ന് പൊതിയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍

കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ നടപ്പാക്കിയ നാടകം പൊളിഞ്ഞു. ലഹരി ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ച് മുസ്‌ലിംലീഗിന്റെ ആംബുലന്‍സ് സേവനത്തെ തളര്‍ത്താനുള്ള ഗൂഢാലോചനയ്ക്കും തിരിച്ചടി. കാസര്‍കോട് ആരിക്കാടി സംഭവത്തില്‍ സത്യാവസ്ഥ തേടി പൊലീസ് അന്വേഷണം.
കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആംബുലന്‍സില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവമാണ് പുതിയ തലത്തിലേക്ക് നീങ്ങുന്നത്. ഡ്രൈവര്‍ക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി ആംബുലന്‍സ് വിട്ടുനല്‍കിയതിന് പിന്നാലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ ആംബുലന്‍സ് സേവനത്തെ ദുരുപയോഗപ്പെടുത്തുന്ന രീതിയില്‍ അസ്വാഭാവിക സംഭവങ്ങള്‍ക്ക് തടയിടുന്നതിനായി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി ശുഹൈബ് കൊതേരി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മംഗളൂരു മുതല്‍ മരുന്ന് കൈമാറുന്നതുള്‍പ്പെടെ അന്വേഷിച്ചാല്‍ ലഹരി ഉല്‍പ്പന്ന കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താനായാല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനാകും. മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി ഉല്‍പ്പന്ന വിപണന ലോബിയെ കുറിച്ചും കേരളത്തില്‍ ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘത്തെയും അറിയാനായാല്‍ ആരിക്കാടി സംഭവത്തിന് പിന്നിലെ ചതിയും കണ്ടെത്താനാകും.
കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആംബുലന്‍സില്‍ നിന്ന് ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിവിധ തുറകളിലുള്ളവരുടെ അഭിപ്രായവും.
മരുന്നുകള്‍ ഉള്‍പ്പെടെ ഏറ്റുവാങ്ങുമ്പോള്‍ പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാരിലുള്‍പ്പെടെയുണ്ടാകുന്ന അശ്രദ്ധയാണ് ലഹരി മാഫിയ ചൂഷണം ചെയ്യുന്നത്. ആരിക്കാടി സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പിപി മുസദ്ദിഖിന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധ ചൂണ്ടിക്കാണിച്ചാണ് കുമ്പള പൊലീസ് കേസെടുത്തതും.
കഴിഞ്ഞ ദിവസം മംഗളുരു ആസ്പത്രിയിലെ രോഗിയെ മമ്പറത്തെത്തിക്കാന്‍ പോയപ്പോള്‍ ആംബുലന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഹാരിസാണ് മരുന്ന് എടുക്കാന്‍ ആവശ്യപ്പെട്ടത്. ഉപ്പള സ്വദേശി റിയാസില്‍ നിന്ന് മരുന്ന് വാങ്ങി യാത്ര തുടരവെ തലപ്പാടി പിന്നിട്ടപ്പോള്‍ കുമ്പള എസ്‌ഐയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് വളയുകയായിരുന്നു. തുടര്‍ന്ന് റിയാസ് കൈമാറിയ പെട്ടി പൊളിച്ച് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് കണ്ടെത്തിയത്. ദുരൂഹതയ്ക്കിടയാക്കുന്നതായിരുന്നു തുടര്‍ന്ന് നടന്ന സംഭവങ്ങള്‍. ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയ ആംബുലന്‍സിന് പിന്നില്‍ മറ്റൊരു ആംബുലന്‍സും മാധ്യമ പ്രവര്‍ത്തകരും എത്തിയതും ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.
പരിശോധന നടക്കവെ പിന്നിലെത്തിയ ആംബുലന്‍സില്‍ രോഗിയെ പറഞ്ഞുവിട്ടാണ് പൊലീസും മാധ്യമ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.