അബൂദബിയില്‍ നിന്ന് 180 പ്രവാസികള്‍ തിരിച്ചെത്തി

20

മലപ്പുറം: കോവിഡ് 19 ആശങ്കകള്‍ക്കിടെ അബൂദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്നലെ പുലര്‍ച്ചെ 2.12 നാണ് കരിപ്പൂരിലെ റണ്‍വെയില്‍ പറന്നിറങ്ങിയത്. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
ആലപ്പുഴ ഒന്ന്, കാസര്‍കോട് രണ്ട്, കണ്ണൂര്‍ ഏഴ്, കൊല്ലം രണ്ട്, കോഴിക്കോട് 49, പാലക്കാട് 15, വയനാട് 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. ഇവരെ കൂടാതെ തമിഴ്‌നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.
കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.
എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി.
യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് ക്വാറന്റൈന്‍ ബോധവത്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും തുടര്‍ ചികിത്സക്കെത്തിയവരെ ആസ്പത്രികളിലേക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

88 പേര്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍
മലപ്പുറം:മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു.
65 വയസിന് മുകളില്‍ പ്രായമുള്ള 14 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 22 കുട്ടികള്‍, 17 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണം.
മലപ്പുറം ജില്ലയിലെ 51 പേര്‍, കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതവും കൊല്ലത്ത് നിന്ന് ഒരാളും കോഴിക്കോട് നിന്ന് 20 പേരും പാലക്കാടുള്ള അഞ്ച് പേരും വയനാട്ടില്‍ നിന്നുള്ള ഏഴ് പേരുമാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.