അക്കാഫ് ടാസ്‌ക് ഫോഴ്‌സ് രക്തദാന ക്യാമ്പില്‍ 100 പേര്‍ രക്തം നല്‍കി

161
രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കിയവര്‍

ക്യാമ്പ് ഒരുക്കിയത് തലാസീമിയ രോഗമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍

ദുബൈ: ലത്തീഫ ഹോസ്പിറ്റലില്‍ അക്കാഫ് ടാസ്‌ക് ഫോഴ്‌സ് ഒരുക്കിയ അടിയന്തിര രക്തദാന ക്യാമ്പില്‍ നൂറോളം അംഗങ്ങള്‍ രക്തദാനം നടത്തി. അംഗങ്ങളില്‍ പലരും സകുടുംബം പങ്കെടുത്തതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം.
അക്കാഫ് ടാസ്‌ക് ഫോഴ്‌സും ബിഡികെ യുഎഇ യും സഹകരിച്ചാണ് ചുരുങ്ങിയ സമയത്തിനകം ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
തലാസീമിയ രോഗമുള്ള പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കാനായാണ് ക്യാമ്പ് ഒരുക്കിയത്. ഈ രോഗമുള്ള കുഞ്ഞുങ്ങള്‍ക്ക് ജീവിത കാലം മുഴുവന്‍ സ്ഥിരമായി രക്തം മാറ്റല്‍ ആവശ്യമാണ്. കോവിഡ് 19ന്റെ പ്രത്യേക പരിത:സ്ഥിതിയില്‍ ദാതാക്കള്‍ വളരെ കുറവാണെന്നത് മനസ്സിലാക്കി രക്തദാന ക്യാമ്പ് ഈയാവശ്യത്തിലേക്ക് സഹായകമായി മാറുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒട്ടേറെ ജീവകാരുണ്യ പ്രവത്തനങ്ങള്‍ നിര്‍വഹിക്കുന്ന അക്കാഫ് ടാസ്‌ക് ഫോഴ്‌സ് 86 പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലത്തീഫ ആശുപത്രിയിലെ ബ്‌ളഡ് ബാങ്കില്‍ രക്തദാനത്തിനായി എത്തിച്ചിരുന്നു.
വനിതാ പ്രതിനിധികളായ ജൂലിന്‍ ബെന്‍സി, റാണി സുധീര്‍, രാജി അനൂപ്, വെന്‍സി തോമസ്, മേരി കോശി, ബെഷ്‌ലി ശ്യം എന്നിവരും; മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഷാഹുല്‍ ഹമീദ്, ചാള്‍സ് പോള്‍, വി.എസ് ബിജുകുമാര്‍, റിവ ഫിലിപ്പോസ്, അനൂപ് അനില്‍ ദേവ്, അഹമ്മദ് അഷ്‌റഫ്, മനോജ് കെ.വി, അബ്ദുല്‍ സത്താര്‍, രാജു തേവര്‍മഠം എന്നിവരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രമുഖ സിനിമാ താരങ്ങളായ മിഥുന്‍ രമേശും ആശാ ശരത്തും അക്കാഫ് ബ്രാന്‍ഡ് അംബാസഡര്‍മാരാണ്.