ഭക്ഷ്യവസ്തുക്കള്‍: ഊഹാപോഹങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

55

അബുദാബി: ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ടു നടത്തുന്ന ഊഹാപോഹങ്ങള്‍ക്കെതിരെ അബുദാബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ വിഭാഗം (എഡിഎഎഫ്‌സിഎ) ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ വിതരണം, ഗുണനിലവാരം, പോഷകക്കുറവ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചില ഉല്‍പന്നങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടത്തുന്ന ഊഹാപോഹങ്ങള്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
വിതരണക്കാര്‍ തമ്മിലുള്ള മത്സരമാണ് പലപ്പോഴും ഇത്തരം പ്രചാരണങ്ങള്‍ക്ക് കാരണം. എന്നാല്‍, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭക്ഷ്യ സുരക്ഷാ രംഗത്തും സാമ്പത്തിക മേഖലയിലും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏതൊരു ഉല്‍പന്നത്തെ കുറിച്ചും പരാതികളുണ്ടെങ്കില്‍ 800 555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ നിജസ്ഥിതി അറായാന്‍ കഴിയും. അതുകൊണ്ടുതന്നെ, ആരും തന്നെ ഇത്തരം ഊഹാപോഹങ്ങളുടെ വക്താക്കളായി മാറരുതെന്ന് കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി.