കിണറില്‍ കുടുങ്ങിയ തൊഴിലാളികളെ അഗ്നിശമന സേന രക്ഷിച്ചു

കിണറ്റില്‍ കുടുങ്ങിയ തൊഴിലാളികളെ ഫയര്‍ ഫോഴ്‌സ് പുറത്തെത്തിക്കുന്നു

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ അവശതയിലായി കിണറില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേനയെത്തി പുറത്തെടുത്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചതുരക്കിണറിലാണ് സംഭവം.
ചതുരക്കിണറിലെ സുശീലയുടെ വീട്ടുപറമ്പിലെ 75അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് തൊഴിലാളികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കിണറില്‍ ഓക്‌സിജന്‍ സാന്നിധ്യം അറിയുന്നതിനായി കടലാസ് കത്തിച്ച് കിണറിലേക്ക് ഇട്ടിരുന്നു. ഇതാണ് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു. രണ്ടുപേര്‍ പെട്ടെന്ന് തിരികെ കയറിയെങ്കിലും മറ്റു രണ്ടുപേര്‍ ശരീരഭാരം കൂടിയവരായതിനാല്‍ പെട്ടെന്ന് കയറാനാകാതെ കുഴഞ്ഞുവീണു. വിവരമറിഞ്ഞ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തിയാണ് വിഷ്ണു, അഭിലാഷ് എന്നിവരെ പുറത്തെടുത്തത്. ലതീഷ് കയ്യൂര്‍, സണ്ണി ഇമ്മാനുവല്‍, രഞ്ജിത്ത്, കൃഷ്ണരാജ്, കെ രമേശന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.