കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍, യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഹൈദരലി തങ്ങള്‍

39
സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ജവം 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വൃക്ഷതൈ നട്ട് നിര്‍വഹിക്കുന്നു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, സംസ്ഥാന വൈസ് പ്രസിഡന്റും പദ്ധതി കോര്‍ഡിനേറ്ററുമായ ഡോ. വി കുഞ്ഞാലി, സംസ്ഥാന സെക്രട്ടറി പി.പി ഇബ്രാഹീം മാസ്റ്റര്‍ മറ്റ് നേതാക്കള്‍ സമീപം

മലപ്പുറം: രാജ്യം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സര്‍വ മേഖലകളിലും തളര്‍ച്ച നേരിട്ടിട്ടുണ്ടെങ്കിലും വലിയ തകര്‍ച്ചയാണ് കാര്‍ഷിക മേഖലകളില്‍ ഉണ്ടായിട്ടുള്ളതെന്നും രജ്യത്തെ വലിയ പ്രതിസന്ധിക്കാണ് ഇത് വഴിവെക്കുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പഴയകാല മാതൃകയില്‍ കൃഷി നമ്മുടെ ഒരു സംസ്‌കാരമായി സമൂഹം ഏറ്റെടുക്കണമെന്നും യുവാക്കള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരണമെന്നും തങ്ങള്‍ പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം തേടിയ ഭക്ഷ്യ സുരക്ഷക്ക് ആക്കം കൂട്ടുന്നതിനും മെയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലത്തെ കാമ്പയിന്‍ ആര്‍ജ്ജവം-2020 ന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പാണക്കാട്ട് നടന്ന ചടങ്ങില്‍ സ്വതന്ത്രകര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി നാലകത്ത് സൂപ്പി , സ്വതന്ത്രകര്‍ഷക സംഘം നേതാക്കളായ എ.കെ സൈതലവി ഹാജി, കെ.കെ നഹ, എ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, , സി അബ്ദുല്‍ കരീം, എം.എം യൂസുഫ്, സംസ്ഥാന സെക്രട്ടറി പി.പി ഇബ്രാഹീം, ഡോ.വി കുഞ്ഞാലി പ്രസംഗിച്ചു.