എയര്‍ ഇന്ത്യ ദോഹ-കണ്ണൂര്‍ സര്‍വീസ് മെയ് 19ന്

29

ദുബൈ/ദോഹ: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് കേന്ദ്ര സര്‍ക്കാറിന്റെ ‘വന്ദേഭാരത് മിഷ’ന്റെ ഭാഗമായി എയര്‍ ഇന്ത്യാ സര്‍വീസ് ദോഹയില്‍ നിന്നും കണ്ണൂരിലേക്കും. മെയ് 19ന് കണ്ണൂരിലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ ഖത്തര്‍ കണ്‍ട്രി മാനേജര്‍ വീണാ നാഗി ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യെ അറിയിച്ചു.
ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് സര്‍വീസ് അനുവദിച്ചിരുന്നത്. നേരത്തെ, കണ്ണൂരിലേക്ക് മെയ് 20ന് സര്‍വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യന്‍ എംബസി പുറത്തുവിട്ട കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പഴയ പട്ടികയില്‍ അതുള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, എയര്‍ ഇന്ത്യ പുറത്തുവിട്ട പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 19ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്കും വിമാനം പറക്കും. വടക്കേ മലബാറിലെ പ്രവാസികള്‍ക്ക് വലിയ തോതില്‍ ആശ്വാസമാണ് ഈ തീരുമാനം. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമായിരുന്നു സര്‍വീസ്.

കോഴിക്കോട്, ഹൈദരാബാദ്
സര്‍വീസുകളുടെ ടിക്കറ്റ് വിതരണം നടന്നു
രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ് സര്‍വീസുകളുടെ വിമാന ടിക്കറ്റ് വിതരണം നടന്നു. മെയ് 18ന് ദോഹയില്‍ നിന്ന് വൈകുന്നേരം 3.35ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി 10.20ന് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. മെയ് 20നാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസ്. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ രണ്ടിടങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ടിക്കറ്റ് വിതരണം തുടങ്ങിയതായി ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ പറഞ്ഞു. എയര്‍ ഇന്ത്യ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് ടിക്കറ്റ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. രണ്ടിടങ്ങളിലേക്കുമായി 180 യാത്രക്കാര്‍ വീതമാണുള്ളത്. എക്‌സിറ്റ് പെര്‍മിറ്റ്, യാത്രാ വിലക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യാത്രാനുമതിയില്ല.