ആദ്യ വിമാനത്തിലെ പകുതിയോളം ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്തു; 25 കിലോ ബാഗേജ് സൗജന്യം

    രോഗ ലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ട്രിപ്പ്ള്‍ ഫ്‌ളാപ്ഡ് മാസ്‌കുകള്‍, രണ്ടു സെറ്റ് ഹാന്റ് ഗ്‌ളൗസുകള്‍, ചെറിയ കുപ്പി അണുമുക്ത ലായനി, ഇവ സൂക്ഷിക്കാനുള്ള ചെറിയ ബാഗ് എന്നിവ ബോര്‍ഡിംഗ് സമയത്ത് യാത്രക്കാര്‍ക്ക് നല്‍കും. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങൂവെന്നും ക്വാറന്റീന് ആവശ്യമായ ചെലവുകള്‍ സ്വയം വഹിക്കാമെന്നും യാത്രക്കാര്‍ രേഖാ മൂലം എഴുതി നല്‍കണം.

    അബുദാബി: കോവിഡ് 19 പ്രതിസന്ധി രൂക്ഷമായ ശേഷം ആദ്യമായി ഗള്‍ഫില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ പകുതിയോളം യാത്രക്കാര്‍ക്കുള്ള ടിക്കറ്റുകള്‍ ചൊവ്വാഴ്ചയോടെ തന്നെ ഇഷ്യൂ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ആറു മണിക്ക് ശേഷമാണ് ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് സംബന്ധിച്ച സന്ദേശം ന്യൂഡല്‍ഹിയില്‍ നിന്നും അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസില്‍ ലഭിച്ചത്. ചൊവ്വാഴ്ച 7.30 വരെയാണ് ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്തത്. സമയം അതിക്രമിച്ചതിനാല്‍ നിര്‍ത്തി വെക്കുകയായിരുന്നു. അവശേഷിക്കുന്നവര്‍ക്ക് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ ടിക്കറ്റ് ഇഷ്യൂ ചെയ്തു തുടങ്ങും.
    വ്യാഴാഴ്ച വൈകുന്നേരം 4.15ന് ആദ്യ വിമാനം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കും. യാത്രക്കാര്‍ക്ക് 25 കിലോ ബാഗേജ് സൗജന്യമായി കൊണ്ടു പോകാന്‍ അനുമതിയുണ്ട്.
    അതിനിടെ, ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
    ട്രിപ്പ്ള്‍ ഫ്‌ളാപ്ഡ് മാസ്‌കുകള്‍, രണ്ടു സെറ്റ് ഹാന്റ് ഗ്‌ളൗസുകള്‍, ചെറിയ കുപ്പി അണുമുക്ത ലായനി, ഇവ സൂക്ഷിക്കാനുള്ള ചെറിയ ബാഗ് എന്നിവ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് സമയത്ത് എയര്‍ലൈന്‍ അധികൃതര്‍ നല്‍കും.
    യാത്രക്കാര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂവെന്നും ക്വാറന്റീന് ആവശ്യമായ ചെലവുകള്‍ സ്വയം വഹിക്കാമെന്നും യാത്രക്കാര്‍ രേഖാ മൂലം എഴുതി നല്‍കണം.
    വിമാനത്തില്‍ കയറിയാല്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുഴുവന്‍ നിര്‍ദേശങ്ങളും യാത്രക്കാര്‍ പൂര്‍ണമായും പാലിക്കണം. നാട്ടില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ആരോഗ്യ വിഭാഗം പ്രത്യേക പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ അടിയന്തിര ചികിത്സക്കുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതാണ്.
    14 ദിവസത്തെ ക്വാറന്റീന്‍ ആണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുറത്തു പോകാന്‍ അനുവാദം നല്‍കുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
    177 യാത്രക്കാരുമായി വ്യാഴാഴ്ച വൈകുന്നേരം 4.15നാണ് അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൊച്ചിയിലേക്ക് പറക്കുക. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വ്യാഴാഴ്ച പുറപ്പെടും. നേരത്തെ, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണനയനുസരിച്ചുള്ള പട്ടികയാണ് ഇന്ത്യന്‍ എംബസി എയര്‍ ലൈന്‍ ഓഫീസിന് നല്‍കിയിട്ടുള്ളത്.