പലരും അവസാന നിമിഷം യാത്ര മാറ്റി; പുതിയ പേരുകള്‍ നല്‍കി എംബസി

    1498

    അബുദാബി: അബുദാബിയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത പലരും അവസാന നിമിഷം യാത്ര മാറ്റിവെച്ചു. തുടര്‍ന്ന്, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ നിന്നും പുതിയ ആളുകള്‍ക്ക് അവസരം നല്‍കി.
    വ്യാഴാഴ്ച അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എ ക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ഇഷ്യു ചെയ്യാനായി എയര്‍ലൈന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അവസാന നിമിഷം വരെ കാത്തിരുന്നിട്ടും വരാത്തതിനെ തുടര്‍ന്നാണ് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അടുത്ത അത്യാവശ്യക്കാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.15ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ 177 പേരാണ് അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് പോകുന്നത്. യാത്രക്കാര്‍ക്ക് 25 കിലോ ബാഗേജും ഏഴും കിലോ ഹാന്റ് ബാഗേജും സൗജന്യമായി കൊണ്ടുപോകാന്‍ അനുമതിയുണ്ട്.
    യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. യാത്രക്കാര്‍ക്ക് മാസ്‌കുകള്‍, രണ്ടു സെറ്റ് ഹാന്റ് ഗ്‌ളൗസുകള്‍, ചെറിയ കുപ്പി അണുമുക്ത ലായനി, ഇവ സൂക്ഷിക്കാനുള്ള ചെറിയ ബാഗ് എന്നിവ ബോര്‍ഡിംഗ് സമയത്ത് നല്‍കും.
    ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച വൈകുന്നേരം 5.10നാണ് പുറപ്പെടുക. ഇതിലും 177 യാത്രക്കാരാണ് ഉണ്ടാവുക.