ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ വിമാനം ഇന്ന്; തിരുവനന്തപുരത്തേക്ക് നാളെ

33

 കൊച്ചിയിലേക്ക് 183 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ നിന്ന് പ്രവാസി മലയാളികളുമായി ആദ്യ വിമാനം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഇന്ന് വൈകുന്നേരം ഏഴിനായിരിക്കും എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. മൂന്നു കുട്ടികള്‍ അടക്കം 183 പേരാണ് യാത്രക്കാര്‍.
മെയ് 7ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 9ന് ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം അബൂ ഹമൂറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ പൂര്‍ത്തിയായി. യാത്രക്കാരെ പുറപ്പെടുന്നതിനു മുന്‍പ് ശരീരോഷ്മാവ് പരിശോധനക്ക് വിധേയരാക്കും. അതേസമയം, കോവിഡ് രോഗമുണ്ടോയെന്നറിയാനുള്ള പരിശോധന നടത്താനിടയില്ലെന്നാണ് അറിയുന്നത്. പ്രവാസികള്‍ പുറപ്പെടുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.
നെടുമ്പാശ്ശേരിയിലെത്തിയാല്‍ ഗര്‍ഭിണികളും കുട്ടികളും പ്രായമേറിയവരും ഒഴികെയുള്ളവരെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവിടെ ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം കോവിഡ് പരിശോധന നെഗറ്റീവായാല്‍ തുടര്‍ന്നുള്ള ഏഴു ദിവസം വീടുകളില്‍ ക്വാറന്റീനിലിരുന്നാല്‍ മതിയാകും.
കോവിഡ് 19 പോസിറ്റീവ് ആകുന്നവരെ ആസ്പത്രിയിലേക്ക് മാറ്റും. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നവരില്‍ പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്‍ഗണന നല്‍കിയിരിക്കുന്നത്.
നാളെ വൈകിട്ട് നാലിനാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലകളിലുള്ളവരാണ് ഈ വിമാനത്തിലെ യാത്രക്കാര്‍.