വിമാനത്താവള റണ്‍വെയിലെ കെടുതികള്‍ സംഭവിച്ച പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

49
കരിപ്പൂര്‍ വിമാനത്താവള റണ്‍വെയിലെ മഴവെള്ളപ്പാച്ചില്‍ കാരണം ഉണ്ടായ കെടുതികള്‍ സംഭവിച്ച പ്രദേശങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

കൊണ്ടോട്ടി: കനത്ത മഴയില്‍ വിമാനത്താവള റണ്‍വെയിലെ മഴവെള്ളപ്പാച്ചില്‍ കാരണം ഉണ്ടായ കെടുതികള്‍ സംഭവിച്ച പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ വിമാനത്താവള ത്തില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരമായത്. മഴയെ തുടര്‍ന്ന് തകര്‍ന്ന കൂട്ടാല്‍, പൂക്കുത്ത് ഭാഗത്തെ ചെങ്കല്ലിന്റെ സുരക്ഷാ ഭിത്തി കോണ്‍ക്രീറ്റ് ചെയ്ത്
ബലപ്പെടുത്തി പുനര്‍ നിര്‍മിക്കാനും മഴവെള്ളപ്പാച്ചില്‍ ഒഴിവാക്കാന്‍ വിമാനത്താവള കോമ്പൗണ്ടില്‍ ഡ്രൈനേജ് നിര്‍മിക്കാനും തീരുമാനമായി.ഭിത്തി തകര്‍ന്നത് വഴി നാശനഷ്ടം സംഭവിച്ച വീടുകളും കേടുവന്ന തൊട്ടിയില്‍ സിദ്ധീഖിന്റെ വീടും,കേടായ കിണറും മറ്റും നന്നാക്കി നല്‍കാമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു യോഗത്തില്‍ ഉറപ്പ് നല്‍കി. അതേ സമയം വിമാനത്താവളത്തില്‍ നിന്നുള്ള മലിനജലം ടണല്‍ വഴി ഒഴുക്കുന്ന അയനിക്കാട് പ്രദേശവും ഏറെ ഭീഷണിയിലാണ്. വെള്ളം ഒഴുകുന്ന ഡ്രൈനേജ് തകര്‍ന്നതിനാല്‍ ഇത് വഴി ഒഴുകുന്ന മലിനജലം സമീപ പറമ്പുകളിലേക്ക് ഒഴുകുന്നത് വ്യാപക കൃഷിനാശമുള്‍പ്പെടെ കെടുതികള്‍ക്ക് കാരണമാവുന്നുണ്ട്.ഇതിന് പരിഹാരമായി ഡ്രൈനേജ് വിപുലീകരിക്കാന്‍ ത്രിതല പഞ്ചായത്ത് ഉള്‍പ്പടെ ജനപ്രതിനിധികളുമായി ആലോചിച്ച് പരിഹാരം കാണാനും ചര്‍ച്ചയില്‍ തീരുമാനമെടുത്തു. ഇതിനായി അടുത്ത ആഴ്ച ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരും. പി.അബ്ദുല്‍ ഹമീദ് എം.എല്‍. എ, ടി.വി. ഇബ്രാഹീം എം.എല്‍. എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സറീന ഹസീബ്, എ.കെ അബ്ദുറഹിമാന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു പങ്കെടുത്തു. നാശനഷ്ടം സംഭവിച്ച മുഴുവന്‍ പ്രദേശങ്ങളും ജനപ്രതിനിധി സംഘം സന്ദര്‍ശിച്ച ശേഷമാണ് വിമാനത്താവളത്തില്‍ ചര്‍ച്ച നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ് ,മെമ്പര്‍മാരായ യു.രാമന്‍കുട്ടി ,പി. മുസ്തഫ എന്നിവരും വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,കെ.വീരാന്‍കുട്ടി മാസ്റ്റര്‍, കെ.പി.സക്കീര്‍ മാസ്റ്റര്‍, യു.മുഹമ്മദ്കുട്ടിഹാജി, കെ. ഹസന്‍ കോയ, ഹസന്‍ സഖാഫി, സി.ജാസിര്‍,സി. മുസ്തഫ മാസ്റ്റര്‍, പി.ടി.ഹമീദ്, കെ ഫഹദ്, റഹീം തോട്ടോളി, ചിങ്ങന്‍ മുസ്തഫ പങ്കെടുത്തു.