
എയര്‍പോര്‍ട്ട് റണ്‍വെയില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് നാശനഷ്ടം
മലപ്പുറം: റണ്‍വെയില്‍ നിന്നും ഒഴുകിവരുന്ന വെള്ളം തിരിച്ചുവിടാനായി അടിയന്തര സംവിധാനം ഒരുക്കുമെന്നും ശാശ്വത പരിഹാരം കാണുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി പദ്ധതി തയാറാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കനത്ത മഴയില്‍ വിമാനത്താവള റണ്‍വെയിലെ മഴവെള്ളപ്പാച്ചില്‍ കാരണം ഉണ്ടായ കെടുതികള്‍ സംഭവിച്ച പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി പ്രദേശ വാസികള്‍ അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.
എയര്‍പോര്‍ട്ടിന്റെ തന്നെ പ്രൊജക്ടായി പ്രശ്ന പരിഹാരത്തിനായി സ്ഥിരം സംവിധാനം വേണമെന്നാണ് പ്രധാനമായും ഉന്നയിച്ച ആവശ്യം. വിഷയത്തിന്റെ ഗൗരവം എയര്‍പോര്‍ട്ട് ഡയറക്ടറോടും അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.പിയുടെ നിര്‍ദേശപ്രകാരം എ.ഡി.എം ആണ് ജനപ്രതിനിധികളെയും എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് യോഗം വിളിച്ചത്. മഴയെ തുടര്‍ന്ന് തകര്‍ന്ന കൂട്ടാല്‍, പൂക്കുത്ത് ഭാഗത്തെ ചെങ്കല്ലിന്റെ സുരക്ഷാ ഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി പുനര്‍ നിര്‍മിക്കണമെന്നും മഴവെള്ളപ്പാച്ചില്‍ ഒഴിവാക്കാന്‍ വിമാനത്താവള കോമ്പൗണ്ടില്‍ ഡ്രൈനേജ് നിര്‍മിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഭിത്തി തകര്‍ന്നത് വഴി നാശനഷ്ടം സംഭവിച്ച വീടുകളും കേടുവന്ന വീടും കിണറും മറ്റും നന്നാക്കി നല്‍കാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉറപ്പുനല്‍കി. യോഗത്തില്‍ പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, എഡി.എം മെഹറലി എന്‍.എം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അംഗങ്ങളായ സറീന ഹസീബ്, എ.കെ അബ്ദുറഹിമാന്, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളായ ഡി.ജി.എം ദേവകുമാര്‍, കെ.പി.എസ് കര്‍ത്ത, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുന, വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്, യു രാമന്‍കുട്ടി, കെ.സി സൈതലവി, ഇ മുഹമ്മദ് മുസ്തഫ, സെക്രട്ടറി ഉണ്ണി കെ പങ്കെടുത്തു.