പ്രവാസികളുടെ തിരിച്ചുപോക്കിനുള്ള എയര്‍ ടിക്കറ്റ് ചാര്‍ജ് ഇന്ത്യാ ഗവണ്മെന്റ് വഹിക്കണം. അക്കാഫ് ടാസ്ക് ഫോഴ്സിനു വേണ്ടി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അഡ്വ. ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി
ദുബൈ: നാട്ടിലേക്ക് തിരിച്ചുപോക്കിന് ടിക്കറ്റെടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സാന്ത്വനമായി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് ടാസ്ക് ഫോഴ്സ്. ദുബൈ ഉള്‍പ്പെടെ വടക്കന്‍ എമിറേറ്റുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഏകദേശം 35,000 നിര്‍ധനരായ അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റെടുക്കാന്‍ കഴിവില്ലാത്തവരാണ് എന്നതാണ്. ആദ്യ ഘട്ടത്തില്‍ 200 ടിക്കറ്റുകള്‍ സൗജന്യമായി നല്കി പിറന്ന മണ്ണിലേക്ക് പറന്നിറങ്ങാന്‍ നിര്‍ധന പ്രവാസികള്‍ക്ക് കൈത്താങ്ങാവുകയാണ് അക്കാഫ് ടാസ്ക് ഫോഴ്സ്.
പ്രവാസികളുടെ നാട്ടിലേക്ക് തിരിച്ചുപോക്കിനുള്ള എയര്‍ ടിക്കറ്റ് ചാര്‍ജ് ഇന്ത്യാ ഗവണ്മെന്റ് വഹിക്കണമെന്ന് അക്കാഫ് ടാസ്ക് ഫോഴ്സിനു വേണ്ടി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സുപ്രീം കോടതി അഭിഭാഷകന് അഡ്വ. ദീപക് പ്രകാശ് മുഖേന ഹര്‍ജി നല്കിയിരിക്കുന്നു. ഇത് അക്കാഫിന്റ സാമൂഹിക പ്രതിജ്ഞാബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
തിരിച്ചു പോകുന്നവരെ മുന്‍ഗണനാ ക്രമത്തിലാക്കാനും അര്‍ഹതപ്പെട്ടവരെ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്ന ജോലിയിലും അക്കാഫ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയാണ്. വിവിധ സംഘടനകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയും അക്കാഫിന്റ പ്രവര്‍ത്തനങ്ങള്‍ വേറിട്ട് നില്ക്കുന്നു.
ഈ പ്രതികൂല സാഹചര്യത്തിലും അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം യൂണിറ്റ് രക്തം ദാനം ചെയ്ത അക്കാഫ് ടാസ്ക് ഫോഴ്സ് യുഎഇയിലെ സന്നദ്ധ പ്രവര്‍ത്തന കൂട്ടായ്മകളില്‍ മുന്‍നിരയില്‍ തന്നെയാണ്. നിര്‍ധനര്‍ക്ക് ഭക്ഷണ സാമഗ്രികള്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തും; കോവിഡ് പോസിറ്റീവ് ആയവരെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിച്ചും; വൈദ്യ സഹായം വേണ്ടവര്‍ക്ക് അപ്രകാരവും സേവനങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നു അക്കാഫ്. ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ആണ് മുഖ്യ രക്ഷാധികാരി. ഷാഹുല്‍ ഹമീദ്, ചാള്‍സ് പോള്‍, വി.എസ് ബിജുകുമാര്‍, റിവ എന്നിവരുടെ നേതൃത്വത്തില്‍ അനൂപ്, അഡ്വ. ഹാഷിക്, അഷ്റഫ്, മനോജ് കെ.വി, രാജു തേവര്‍മഠം, സത്താര്‍, ജൂഡിന്, ഷാബു, കോശി, ഫിറോസ്, റാണി, രഞ്ജിത് കോടോത്ത്, സ്റ്റാലിന്, ബെന്‍സി, രാജീവ് പിള്ള തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. മിഥുന് രമേശും ആശാ ശരത്തുമാണ് അക്കാഫിന്റ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.
