ജെറുസലേം: കോവിഡ് വ്യാപനം മൂലം രണ്ടു മാസത്തിലേറെയായി അടച്ചിട്ട ജെറുസലേമിലെ അല്‍ അഖ്സാ മസ്ജിദ് ആരാധനക്കും സന്ദര്‍ശനത്തിനുമായി തുറന്നു കൊടുത്തു. കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് വഖഫാണ് ഞായറാഴ്ച മുതല്‍ പള്ളി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയത്. പള്ളി തുറക്കുന്നതിന്റെ മുന്നോടിയായി മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മുഖംമൂടി ധരിച്ചും പ്രത്യേക നമസ്കാര പായകള്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്നലെ രാവിലെ സുബ്ഹ് നമസ്കാരത്തിനായി പള്ളി തുറക്കുന്ന അവസരത്തില്‍ നിരവധി വിശ്വാസികളാണ് വാതിലുകള്‍ക്ക് മുന്നില്‍ എത്തിയത്. അള്ളാഹു അക്ബര്‍…. ഞങ്ങളുടെ ആത്മാവിനോടും രക്തത്തോടും കൂടി അല്‍ അക്സയെ സംരക്ഷിക്കും എന്ന് ചൊല്ലിക്കൊണ്ടാണ് വിശ്വാസികള്‍ എത്തിയത്. മസ്ജിദ് ഡയറക്ടര്‍ ഒമര്‍ അല്‍ കിസ്വാനി അവരെ സ്വാഗതം ചെയ്തു. രോഗ വ്യാപന പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ഇത്രയും കാലം ക്ഷമിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മസ്ജിദ് അടച്ചിരുന്നത്.