മലയാളക്കരയില്‍ നിന്ന് നോര്‍ബിയുടെ വിളിയെത്തി; 40 ഫിലിപ്പിനോകള്‍ക്ക് കെഎംസിസിയുടെ കൈത്താങ്ങ്

101

അഷ്‌റഫ് വേങ്ങാട്ട്
അല്‍ഖോബാര്‍: കോവിഡ് 19 പശ്ചാത്തലത്തില്‍ സഊദിയില്‍ ലോക്ക് ഡൗണ്‍ മൂലം ജോലിയും ശമ്പളവുമില്ലാതെ രണ്ടു മാസമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികളായ ഹേതരിനും നാല്‍പതോളം വരുന്ന സഹപ്രവര്‍ത്തകര്‍ക്കും കെഎംസിസി അല്‍ഖോബാര്‍ കേന്ദ്ര കമ്മിറ്റി അല്‍ഖോബാര്‍ കബായാന്‍ സൂപര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഭക്ഷണത്തിനായി പ്രയാസപ്പെട്ട ഫിലിപ്പിനോ സഹോദരികളുടെ അവസ്ഥ കുന്നംകുളത്തുള്ള ഹേതറിന്റെ സഹോദരി നോര്‍ബിയും ഭര്‍ത്താവ് പ്രവീണും അല്‍ഖോബാര്‍ കെഎംസിസി ജന.സെക്രട്ടറി സിറാജ് ആലുവയെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഫിലിപ്പിനോ സഹോദരിമാരുടെ പ്രയാസം മനസ്സിലാക്കി ഗള്‍ഫിലെ തെക്കു-കിഴക്കനേഷ്യന്‍ ഭക്ഷ്യ വസ്തുക്കളുടെ റീടെയില്‍ വിപണന രംഗത്തെ പ്രമുഖരായ കബായാന്‍ ഗ്രൂപ് ഓഫ് സൂപര്‍ മാര്‍ക്കറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് പുല്ലാളൂര്‍, അല്‍ഖോബാര്‍ റീടെയില്‍ മാനേജര്‍ സലാം ഹാജി കുറ്റിക്കാട്ടൂര്‍ എന്നിവരുമായി ബന്ധപ്പെട്ട്
അല്‍ഖോബാര്‍ കെഎംസിസി നടത്തുന്ന കോവിഡ് 19 റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം എത്തിക്കുകയായിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായി നൂറുകണക്കിന് ഭക്ഷണ കിറ്റുകളുടെ വിതരണം നടന്നു കഴിഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റിയുടെ മെയ് മാസത്തില്‍ നടക്കുന്ന ആറാം ഘട്ട വിതരണത്തിലേക്കാവശ്യമായ നൂറോളം ഭക്ഷണ കിറ്റുകള്‍ തദവസരത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല ഏറ്റുവാങ്ങി. ജിദ്ദ, തായിഫ് നഗരങ്ങളിലും ബഹ്‌റൈനിലും കുവൈത്തിലും യുഎഇയിലും ഒമാനിലും സമാന രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കബായാന്‍ ഗ്രൂപ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും ചൊവ്വഞ്ചേരി ആമിന ഉമ്മ ട്രസ്റ്റിന് കീഴില്‍ നാട്ടിലും രണ്ടായിരത്തോളം ഭക്ഷണ കിറ്റുകള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിതരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കെഎംസിസിയുടെ പ്രവര്‍ത്തനം അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതായി സലാം ഹാജി കുറ്റിക്കാട്ടൂര്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജന.സെക്രട്ടറി സിറാജ് ആലുവ, ഇഖ്ബാല്‍ ആനമങ്ങാട്, ഫൈസല്‍ കൊടുമ, ഹബീബ് പൊയില്‍തൊടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ ചേര്‍ന്ന് ഭക്ഷണ കിറ്റുകള്‍ ഫിലിപ്പിനോ സഹോദരിമാരുടെ താമസ സ്ഥലത്ത് എത്തിച്ചു നല്‍കി. ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങിയ ഹേതറും സഹപ്രവര്‍ത്തകരും കുന്നംകുളത്ത് നിന്നും സഹോദരി നോര്‍ബിയും ഭര്‍ത്താവ് പ്രവീണും അല്‍ഖോബാര്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കും കബായാന്‍ അധികൃതര്‍ക്കും നന്ദി അറിയിച്ചു.