അബുദാബി അല്‍വഹ്ദ മാള്‍ വീണ്ടും തുറന്നു

48

പ്രവര്‍ത്തന സമയം ഉച്ച 12 മുതല്‍ രാത്രി 10 മണി വരെ

അബുദാബി: അബുദാബി നഗരത്തിലെ മുന്‍നിര ഷോപ്പിംഗ് മാളായ അല്‍വഹ്ദ മാള്‍ പുതിയ സുരക്ഷാ നടപടികളും നിര്‍ദേശങ്ങളുമായി വീണ്ടും തുറന്നു. ഉച്ച 12 മുതല്‍ രാത്രി 10 മണി വരെയാണ് മാള്‍ പ്രവര്‍ത്തന സമയം. അധികൃതരില്‍ നിന്നും മതിയായ ക്‌ളിയറന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണ് മാള്‍ പുനരാരംഭിച്ചത്. ”ലോക്ക്ഡൗണ്‍ കാലയളവില്‍ ഞങ്ങളുടെ മാളുകളുടെ ഓരോ മുക്കിലും മൂലയിലും ശക്തമായ നിലയില്‍ ശുചീകരണ-അണുനശീകരണ പ്രവൃത്തികള്‍ നടത്തി. ഞങ്ങളുടെയും ഷോപ്പുടമകളുടെയും ജീവനക്കാരെയും, ഉപയോക്താക്കളെയും സുരക്ഷ ഉറപ്പാക്കാനായി പരിശോധിച്ചു” -മാള്‍ നടത്തുന്ന ലുലു ഗ്രൂപ് സിസിഒ വി.നന്ദകുമാര്‍ പറഞ്ഞു.
മാളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും തെര്‍മല്‍ സ്‌കാനറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ മാസ്‌കുകളും ഗ്‌ളൗസുകളും ധരിക്കല്‍ നിര്‍ബന്ധമാണ്. കുട്ടികളെയും 60 വയസിന് മുകളിലുള്ളവരെയും മാളിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. പുതിയ നിര്‍ദേശങ്ങളനുസരിച്ച്, സിനിമാ തിയ്യറ്ററുകള്‍, ജിംനേഷ്യങ്ങള്‍, വിനോദ/ഗെയിം സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ഒരു ടേബിളില്‍ പരമാവധി നാലു പേര്‍ എന്ന നിലയില്‍ റെസ്‌റ്റോറന്റുകളില്‍ സാമൂഹിക അകല പാലനം കര്‍ശനമായി പിന്തുടരുന്നതാണ്. ട്രയല്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഉല്‍പന്നങ്ങളുടെ കൈമാറ്റമോ റീഫണ്ടിംഗുകളോ അനുവദിക്കുന്നതല്ല. മാള്‍ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ മാളിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കണിശമായും പാലിച്ചിരിക്കണം. നേരിട്ടുള്ളതല്ലാത്ത പണമടവിനാണ് പ്രോല്‍സാഹനം നല്‍കുന്നത്. എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും ഉപയോക്താക്കള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുമ്പോള്‍ തന്നെ, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷോപ്പിംഗ് കൂടുതല്‍ സുഗമവും വിഷമ രഹിതവുമാക്കാന്‍ തങ്ങള്‍ കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.