അമ്പായത്തോട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

4
കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴകൃഷി

ഇരിട്ടി: കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ചുരത്ത് കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു. പാല്‍ചുരം സ്വദേശി പറമറ്റം ജോണിയുടെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജോണി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സ്ഥലത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വിളവെടുക്കാന്‍ പ്രായമായ അമ്പതോളം വാഴകളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ കാട്ടാനയിറങ്ങി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. എണ്ണൂറിലധികം വാഴകള്‍ ആയിരുന്നു ജോണി ഇവിടെ കൃഷി ചെയ്തിരുന്നത്. എന്നാല്‍ കുരങ്ങിന്റെയും മുള്ളന്‍പന്നിയുടെയും ശല്യം കാരണം ഭൂരിഭാഗം വാഴയും നശിച്ചിരുന്നു. ഇതില്‍ ബാക്കി വന്ന 250ഓളം വാഴകളാണ് വിളവെടുപ്പിന് പാകമായത്. ഈ വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സ്ഥലത്ത് വനപാലകര്‍ പരിശോധന നടത്തി.
കൃഷി നശിപ്പിച്ച സ്ഥലത്തുനിന്നും കുറച്ചകലെ കാട്ടാന തമ്പടിച്ചിട്ടുണ്ടെന്നും രാത്രി ഇവ കൃഷി സ്ഥലത്തേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ നിരീക്ഷിക്കുമെന്നും വനപാലകര്‍ പറഞ്ഞു. അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചതോടെ രാത്രികാലങ്ങളില്‍ ഈ റോഡിലേക്ക് കാട്ടാന ഇറങ്ങിയിരുന്നു.