ശ്വാസംമുട്ടി അമേരിക്ക

27
ചിക്കാഗോ നഗരത്തില്‍ തീവെച്ച ശേഷം പൊലീസ് വാഹനത്തിനുനേരെ കല്ലെറിയുന്ന പ്രതിഷേധക്കാരന്‍

കൈവിട്ട് കലാപം

രാജ്യത്തെ എല്ലാ നഗരങ്ങളിലും നിരോധനാജ്ഞ
പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പൊലീസ് കസ്റ്റഡിയില്‍ കഴുത്തു ഞെരിച്ചു കൊന്നതിനെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ണവെറിക്കെതിരായ കലാപം യു.എസില്‍ ആളിപ്പടരുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് വിവരം. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തു.
ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതായാണ് വിവരം. കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്‌റ്റേറ്റ് ഭരണകൂടങ്ങളും ഫെഡറല്‍ സര്‍ക്കാറും ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ നഗരങ്ങളിലും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിക്കൊണ്ടിരിക്കുന്നത്.
30 നഗരങ്ങളിലെങ്കിലും പടുകൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായാണ് വിവരം. തുടക്കത്തില്‍ സമാധാനപരമായിരുന്ന ഈ പ്രതിഷേധങ്ങളെല്ലാം പാതിവഴിയെ അക്രമത്തിലേക്ക് വഴിമാറി. വെളുത്ത വര്‍ഗക്കാരുടെ കടകളും വ്യാപാര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് തീയിടുന്നതായും കൊള്ളയടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
റോഡ്‌നി കിങ് കേസില്‍ കുറ്റക്കാരനായ പൊലീസുകാരെ വെറുതെ വിട്ടതിനെതുടര്‍ന്ന് 1992ല്‍ യു.എസിലുണ്ടായ വംശീയ കലാപത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും സങ്കീര്‍ണമായ സാഹചര്യം എന്നാണ് ഭരണനേതൃത്വം തന്നെ ഇപ്പോഴത്തെ സംഭവങ്ങളെ വിശേഷിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുന്ന യു.എസിന് കൂനിന്മേല്‍ കുരുവായി മാറുകയാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് വധവും ഇതേതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘര്‍ഷവും. പ്രതിഷേധക്കാര്‍ തമ്പടിച്ചതിനെതുടര്‍ന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം തല്‍ക്കാലത്തേക്ക് അടച്ചിരുന്നു. എന്നാല്‍ വൈറ്റ്ഹൗസ് പരിസരത്ത് ഇപ്പോഴും പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. 1400 പേരെ ഇതുവരെ വിവിധ സ്ഥലങ്ങളിലായി അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ യു.സില്‍ പൊട്ടിപ്പുറപ്പെട്ട കറുത്തവര്‍ഗക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് ലോകമെങ്ങും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. കോവിഡ് ഭീതിക്കിടയിലും ബ്രിട്ടനിലെ ലണ്ടനിലും വെയില്‍സിലും നടന്ന പ്രകടനങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിന്‍, ഡന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ എന്നിവിടങ്ങളിലും കൂറ്റന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു.