കോവിഡ് കാലത്തെ നന്മ മരങ്ങള്‍; നോമ്പുകാര്‍ക്ക് വിഭവങ്ങളൊരുക്കി അഞ്ജലിയും കുടുംബവും

    231

    അബുദാബി: പരിശുദ്ധ റമദാന്റെ ആദ്യ പത്തിലും രണ്ടാമത്തെ പത്തിലും നോമ്പുകാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളൊരുക്കി അഞ്ജലിയും കുടുംബവും. നോമ്പിനെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും നോമ്പുകാര്‍ക്ക് ഭക്ഷണമുണ്ടാക്കി എത്തിച്ചു കൊടുക്കാന്‍ വലിയ ഉത്സാഹമാണ് ഈ കുടുംബത്തിന്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ അബുദാബി മദീന സായിദ് ഷോപ്പിംഗ് മാള്‍ അടച്ചപ്പോള്‍ ജോലിയില്ലാതെ രണ്ടു മാസമായി റൂമുകളില്‍ തന്നെ കഴിയുന്ന സഹോദരങ്ങള്‍ക്കാണ് ഇത് രണ്ടാം തവണയും അഞ്ജലിയും കുടുംബവും നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയത്. മുന്‍പ്, ഇശല്‍ ബാന്‍ഡ് അബുദാബിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഈ കുടുംബം പങ്കാളികളായിട്ടുണ്ട്.
    കോളജ് പഠന കാലത്തിന് ശേഷം ഇതാദ്യമായാണ് തങ്ങള്‍ സാമൂഹിക പ്രസക്തമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതെന്ന് അഞ്ജലിയും ഭര്‍ത്താവ് വിപിനും പറഞ്ഞു. വെജിറ്റേറിയന്‍ കുടുംബമാണിത്. രണ്ടു തരം ബജികളും ചപ്പാത്തിയും കറിയും റെയ്ത്തയും പായസവുമൊക്കെയായി നല്ല കിടിലന്‍ ഇഫ്താര്‍ കിറ്റ് തന്നെയാണ് ഇവര്‍ നോമ്പുകാര്‍ക്കായി തയാറാക്കിയത്. അഞ്ജലിയുടെ അമ്മ ജലജയാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്.
    ഈ മഹാമാരിയുടെ കാലത്ത് ജോലിയില്ലാതെയും മറ്റും റൂമുകളില്‍ കഴിയുന്നവര്‍ക്ക് ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാവുകയാണ്. വളരെ സ്വാദിഷ്ഠമായ ഭക്ഷണമാണ് ഈ കുടുംബം നോമ്പുകാര്‍ക്കായി ഒരുക്കുന്നത്. ഏറെ രുചികരമാണ് ഇവര്‍ തയാറാക്കുന്ന വിഭവങ്ങളെന്നും അഞ്ജലിക്കും കുടുംബത്തിനും വേണ്ടി തങ്ങള്‍ പ്രത്യേക പാര്‍ത്ഥന നടത്തിയെന്നും ഭക്ഷണം കഴിച്ചവര്‍ പറഞ്ഞു.