പിതാവ് മരിച്ചതറിയാതെ അന്‍ഷിദ ഷെറിന്‍ പരീക്ഷയെഴുതി

വാഴക്കാട്:പിതാവ് കോവിഡ് ബാധിച്ച് മരിച്ചതറിയാതെ അന്‍ഷിദ ഷെറിന്‍ എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാക്കി.കഴിഞ്ഞ ദിവസം ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പൊട്ടിക്കല്ല് മുഹമ്മദ്് ഇല്യാസിന്റെ മകളാണ് അന്‍ഷിദ ഷെറിന്‍. വാഴക്കാട് കാരുണ്യഭവന്‍ ബധിര വിദ്യാലയത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനിയായ അന്‍ഷിദ തിങ്കളാഴ്ചയാണ് സ്‌കൂളിലെത്തിയത്.
ചൊവ്വാഴ്ച പുനഃരാരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനായി ഉമ്മയുടെ കൂടെ സ്‌കൂളിലെത്തിയ അന്‍ഷിദയെ ഹോസ്റ്റലിലാക്കി തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് മരണവിവരം അറിയുന്നത്. പരീക്ഷ പൂര്‍ത്തിയായിട്ട് മരണവിവരം അറിയിച്ചാല്‍ മതിയെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.എസ്.എസ്.എല്‍.സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തിലെ പരീക്ഷ ഇന്നലെ പൂര്‍ത്തിയായതിനാല്‍ അന്‍ഷിദ വീട്ടിലേക്ക് മടങ്ങി.മകളുടെ പഠന പാഠ്യേതര വിഷയത്തില്‍ ഏറെ തല്‍പരനായിരുന്നു പിതാവ് മുഹമ്മദ് ഇല്യാസ്. മ ുബശിറയാണ് ഇല്യാസിന്റെ ഭാര്യ. മറ്റൊരു മകന്‍ ഇജാസ് അഹമ്മദ്.