സൈക്കിളില്‍ ആസാമിലേക്ക് പുറപ്പെട്ട പത്ത് പേര്‍ പിടിയില്‍

14
ഊരത്തൂരില്‍ നിന്ന് ആസാമിലേക്ക് സൈക്കിളില്‍ പോകാന്‍ ഒരുങ്ങിയ അതിഥി തൊഴിലാളികളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സൈക്കിളുകള്‍

ഇരിക്കൂര്‍: സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പുറപ്പെടാനിരുന്ന പത്ത് അതിഥി തൊഴിലാളികളെ ഇരിക്കൂര്‍ പൊലീസ് പിടികൂടി. തീവണ്ടിയുണ്ടെന്ന് കരുതി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി തീവണ്ടി ഇല്ലാത്തതിനാല്‍ നിരാശരായി മടങ്ങിയവരാണ് സൈക്കിളില്‍ നാട്ടിലേക്ക് പുറപ്പെടാന്‍ പത്ത് പുതിയ സൈക്കിളുകളും മറ്റു ഉപകരണങ്ങളും വാങ്ങി ആസാമിലേക്ക് പുറപ്പെടാനിരുന്നത്.
പടിയൂര്‍ പഞ്ചായത്തിലെ ചെങ്കല്‍ മേഖലയായഊരത്തൂരിലെ താമസ സ്ഥലത്ത് പുതിയ പത്ത് സൈക്കിളുകള്‍ വാങ്ങിക്കൊണ്ടുവന്ന് അവരുടെ ബാഗുകളും മറ്റും സൈക്കിളില്‍ വെച്ച് യാത്രക്ക് ഒരുങ്ങുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ കെപി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പത്ത് സൈക്കിളുകളും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. പൊലീസ് ഇവരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഇവര്‍ യാത്ര നിര്‍ത്തിവെക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു.
60,000 ത്തോളം രൂപ മുടക്കിയാണ് ഇവര്‍ സൈക്കിളും മറ്റു സാമഗ്രികളും വാങ്ങിയിരുന്നത്. രണ്ടാഴ്ച മുമ്പ് 500ഓളം അതിഥി തൊഴിലാളികള്‍ ഭക്ഷണമില്ലെന്ന് മുറവിളി കൂട്ടിയും നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കൊണ്ടും ഗ്രൗണ്ടില്‍ ഒത്ത് കൂടി ബഹളം വെച്ചിരുന്നു.