ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഇന്ത്യയില്‍ നിന്ന് 88 ഐസിയു നഴ്‌സുമാരടങ്ങിയ ആദ്യ സംഘത്തെ യുഎഇയിലെത്തിച്ചു

97
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ഡയറക്ടര്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കൊപ്പം

ദുബൈ: ജിസിസിയിലുടനീളം സാന്നിധ്യമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ കോവിഡ് 19നെ നേരിടാനുളള യുഎഇയുടെ നിരന്തര ശ്രമങ്ങളെ പിന്തുണക്കാനായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും യുഎഇ വിദേശ കാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പിന്തുണയോടെ ഇന്ത്യയില്‍ നിന്ന് 88 ഐസിയു നഴ്‌സുമാരുടെ ആദ്യ സംഘത്തെ യുഎഇയിലെത്തിച്ചു. ഇന്ത്യയിലെ ആസ്റ്റര്‍ ക്വാര്‍ട്ടര്‍നറി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുത്ത ഗുരുതര രോഗ പരിചരണത്തില്‍ പരിശീലനം സിദ്ധിച്ച 60 നഴ്‌സുമാര്‍, ദുബൈയിലെ കോവിഡ് 19 കെയര്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന യുഎഇ സര്‍ക്കാറിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണി ചേരും.
ആസ്റ്ററിന്റെ കേരള, കോല്‍ഹാപൂര്‍, കര്‍ണാടക എന്നിവിടങ്ങളിലെ ക്വാര്‍ടര്‍നറി ഹോസ്പിറ്റലുകളില്‍ നിന്നുളള ഗുരുതര രോഗീ പരിചരണത്തില്‍ പരിശീലനം നേടിയ 60ഓളം നഴ്‌സുമാരാണ് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിച്ചേരുകയും ലോക്ക് ഡൗണിനെ തുടര്‍ന്ന് മടങ്ങാന്‍ കഴിയാതെ വരികയും ചെയ്ത യുഎഇയിലെ ആസ്റ്ററിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഇവരോടൊപ്പമെത്തിയ ബാക്കിയുളള ആരോഗ്യ പ്രവര്‍ത്തകര്‍. അതിഗുരുതര രോഗീ പരിചരണ വിഭാഗത്തിന് ശക്തി പകര്‍ന്ന്, കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ദുബൈയിലെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചേര്‍ന്ന് കോവിഡ് 19 നെ നേരിടാനുള്ള യുഎഇ സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ ഇവര്‍ പങ്കുചേരും. കോവിഡ് 19 പ്രതിരോധിക്കാനുളള ശ്രമങ്ങളില്‍ യുഎഇ സര്‍ക്കാരിനെ പിന്തുണക്കാനും പോസിറ്റീവായ രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാന്‍ സഹായിക്കാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ ഉദ്യമം.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വിശ്വസ്ത ബന്ധത്തെയും ഈ അനിശ്ചിതാവസ്ഥയില്‍ പരസ്പരം പിന്തുണക്കാന്‍ ഇരു രാജ്യങ്ങളും പങ്കിട്ട ആഴമേറിയ പ്രതിജ്ഞാബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ദൗത്യമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആശങ്ക നിറഞ്ഞ ഈ കാലയളവില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ മികച്ച ആരോഗ്യ സംരക്ഷണത്തിന് ഇവരുടെ സേവനം ഉപകരിക്കും. ഈ ദൗത്യത്തില്‍ സജീവ താല്‍പര്യം പ്രകടിപ്പിച്ച ദുബൈ ഹെല്‍ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അല്‍ ബന്ന, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
യുഎഇ സര്‍ക്കാറും ഡിഎച്ച്എയും ആദ്യഘട്ടത്തിലുള്ളതും സങ്കീര്‍ണമല്ലാത്തതുമായ കേസുകള്‍ പരിഗണിക്കാന്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ 3,000 ബെഡുകളുളള ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് 19 കേസുകളുടെ വര്‍ധന ഉണ്ടായാല്‍ രോഗികളെ ചികിത്സിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനുള്ള ദുബൈ ഗവണ്‍മെന്റിന്റെ സജീവമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണീ നീക്കം.
”ആരോഗ്യ സംരക്ഷണത്തില്‍ ഇന്ത്യയുമായും സ്വകാര്യ മേഖലയിലെ പങ്കാളികളുമായും ഞങ്ങള്‍ക്ക് ദീര്‍ഘ കാല ബന്ധമുണ്ട്. ഈ സംരംഭം ഇരു രാജ്യങ്ങളും പങ്കിട്ട ബന്ധത്തിന്റെ സാക്ഷ്യമാണ്. ഇത് സര്‍ക്കാറും സ്വകാര്യ ആരോഗ്യ മേഖലയും തമ്മിലുള്ള അടുത്ത സഹകരണത്തെ എടുത്തു കാട്ടുന്നതാണെന്നും ഈ അവസരത്തില്‍ പ്രതികരിച്ച ഹുമൈദ് അല്‍ ഖുതമി പറഞ്ഞു. ആവശ്യം വന്നാല്‍ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ കോവിഡ് 19 രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഞങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ സംരക്ഷണ മേഖലയുമായി ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സമൂഹത്തെ സേവിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകളും ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി പ്രകടിപ്പിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മഹാമാരിയെ നേരിടാന്‍ തന്ത്രപരമായ പങ്കാളിത്തം എങ്ങനെ ശക്തമായ സഹകരണത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നുവെന്ന് ഇന്ത്യയും യുഎഇയും കാണിച്ചു തരുന്നുവെന്ന ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.
ശക്തമായ ഇന്ത്യ-യുഎഇ ഉഭയ കക്ഷി ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും യുഎഇയിലെ പ്രവാസികളും യുഎഇ പൗരന്മാരും അഭിമുഖീകരിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞു കൊണ്ടുളള ഇടപെടലാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ പിന്തുണയുമായി മുന്നോട്ടുവന്ന ഡിഎച്ച്എയുടെയും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെയും ശ്രമങ്ങളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളിലുള്ള കോവിഡ് 19 രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.