അറിവിലൂടെ അതിജീവനം മാതൃകയില്‍ വിദ്യാര്‍ത്ഥികളുടെ ക്വിസ് മത്സരം

11

കോഴിക്കോട്: അവിചാരിതമായി ലഭിച്ച അവധിക്കാലത്തെ ‘അറിവിലൂടെ അതിജീവനം’ എന്ന ചിന്തയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പഠിക്കുന്ന അഞ്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി ശ്രദ്ധനേടുന്നു. ‘ന്ത് ചോ’ എന്ന പേരില്‍ കേരളം മുഴുവന്‍ പ്രായഭേദമന്യേ പങ്കെടുക്കാവുന്ന ഈ മത്സരം ‘ഹെക്‌സഡ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നടത്തി വരുന്നത്.
ഈ പരിപാടിയിലേക്ക് ലഭിക്കുന്ന സംഭാവനകളും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് കാലത്തെ സംഭാവനയായി നല്‍കുവാനാണ് ഇവരുടെ തീരുമാനം. എട്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ആകെ എട്ടു ചോദ്യങ്ങള്‍ക്കാണ് വാട്‌സാപ്പ് വഴി ഉത്തരം നല്‍കേണ്ടത്. ഏറ്റവും വേഗത്തില്‍ ഉത്തരം അയക്കുകയും കൂടുതല്‍ പോയിന്റ് നേടുകയും ചെയ്യുന്ന വ്യക്തിക്ക് 2000 രൂപയും എല്ലാ ചോദ്യങ്ങളും ശരിയാക്കുന്ന 10 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും ഇവര്‍ നല്‍കുന്നുണ്ട്. മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ ഭരത് ശ്രീജിത്ത്, കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നവനീത് ഡി എസ്, ജിജിഎച്ച്എസ്എസ് ബാലുശ്ശേരിയിലെ ശ്രീരാം ഡി, മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹരികൃഷ്ണന്‍, പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആദില്‍ കൃഷ്ണ എന്നിവരാണ് ഈ പരിപാടിയുടെ പിറകിലുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍. ചോദ്യങ്ങള്‍ ഉണ്ടാകുന്നതും, വീഡിയോ, എഡിറ്റിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികള്‍ തന്നെയാണ് ചെയുന്നത്.
യു.എല്‍.സി.സി.എസ് സംഘടിപ്പിച്ച പല മത്സരങ്ങളിലും ക്യാമ്പ്കളിലും വെച്ച് പരിചയപ്പെട്ട ഈ കുട്ടികള്‍ പരസ്പരം കാണുവാന്‍ അവസരമില്ലാത്ത ഈ വേളയിലും വാട്‌സ്ആപ്പ്, ഫോണ്‍ എന്നിവ മുഖാന്തരം ബന്ധപ്പെട്ടാണ് ഓരോ പരിപാടികളും ഒരുക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക സഹായവും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കി നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്. ‘സ്‌റ്റെപ്‌സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍, കോണ്ടാക്റ്റ് കംപ്യൂട്ടേഴ്‌സ്, സിന്‍ഡ്രെബേ സ്‌കൂള്‍ ഓഫ് ഡിസൈന്‍, ഹാര്‍മണി മ്യൂസിക് അക്കാദമി തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. ഇതിനൊപ്പം നിരവധി യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റാഗ്രാം/ഫേസ്ബുക്ക് പേജുകളും ഞങ്ങള്‍ക്ക് പ്രമോഷന്‍ നല്‍കുന്നുണ്ട്. സിഎംഡിആര്‍എഫിന് 10000 രൂപയില്‍ കൂടുതല്‍ സംഭാവന നല്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ ഗുരുതുല്യന്‍, ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒയുടെ മുന്‍ ഡയറക്ടറുമായ ഇ.കെ കുട്ടിയാണ് ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഇതിനൊപ്പം യു.എല്‍.സി.സി എസ്‌ന്റെയും യു.എല്‍ ഫൗണ്ടേഷന്റെയും നിരവധിപേര്‍ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.