
അബുദാബി/വടകര: അബുദാബി-കുറ്റ്യാടി മണ്ഡലം കെഎംസിസി പ്രവാസികള്‍ക്കായി അസൂത്രണം ചെയ്ത 40 ലക്ഷം രൂപയുടെ കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1,000 പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷഫീഖ് കടമേരിക്ക് പതാക കൈമാറി നിര്‍വഹിച്ചു. അബുദാബിയിലെ കുറ്റ്യാടി മണ്ഡലക്കാരായ മുഴുവന്‍ പ്രവാസികളുടെയും വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിധവകള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, അബുദാബിയില്‍ കോവിഡ് പിടിപെട്ടവരും രോഗികളുടെ കൂടെ കഴിയേണ്ടി വന്നവരുമായ ആളുകള്‍ക്ക് ഭക്ഷണ വിതരണം, വൈദ്യ സഹായം എത്തിക്കല്‍ എന്നിവയും കമ്മിറ്റി ചെയ്തു വരുന്നു.
ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ശറഫുദ്ദീന്‍ മംഗലാട് അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.ടി അബ്ദുല്‍ റഹ്മാന്, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, എം.പി ഷാജഹാന്, അഡ്വ. ഇല്യാസ്, കെ.മുഹമ്മദ് സാലി, എം.എ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, അഷ്റഫ് കോറോത്ത്, ലത്തീഫ് കടമേരി, ഏരത്ത് അബൂബക്കര്‍, ഹാരിസ് മുറിച്ചാണ്ടി, ഹസ്സന് ചാലില്‍, എം.എം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.