മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം പണിയൊന്നുമില്ലാതെ മാസങ്ങളായി വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു കൂട്ടിലങ്ങാടി മുല്ലപ്പളളി സ്വദേശി ഓട്ടോ ഡ്രൈവറായ മുരിങ്ങേക്കല്‍ ഉസ്മാന്. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ തള്ളിനീക്കിയത്. ഇതിനിടയിലാണ് ആശ്വാസമായി ലോക്ക്ഡൗണ്‍ ഉളവുകള്‍ പ്രഖ്യാപിക്കുന്നത്. ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം നോക്കിയിരുന്ന ഉസ്്മാന്‍ വലിയ ആശ്വാസം തന്നെയായിരുന്നു ഓട്ടോ ഓടിക്കാമെന്ന തീരുമാനം.
ഇരുപത് വര്‍ഷമായി മലപ്പുറം കുന്നുമ്മലിലാണ് ഉസ്മാന് ഓട്ടോ ഓടിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തന്നെ ട്രാക്കിലെത്തിയ ഉസ്മാന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അന്നു തന്നെ ഇങ്ങനെ ഒരു ‘പണി’ കിട്ടുമെന്ന് കരുതിയതല്ല. ചെന്നൈയില്‍ നിന്നും എത്തിയ ബസ്സില്‍ നിന്നും 12 പേരാണ് മലപ്പുറത്ത് ഇറങ്ങിയത്. ഇതില്‍ ഒരാള്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ ഉസ്മാന്റെ ഓട്ടോയില്‍ കയറിയതോടെയാണ് ഉസ്മാനോടും 14 ദിവസം ക്വാറന്‍ൈനില്‍ കിടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്.
തന്റെ ഓട്ടോയില്‍ കയറിയത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നയാളാണെന്ന് ഉസ്മാന് അറിഞ്ഞത് അപ്പോഴാണ്. ഭരണകൂട വീഴ്ച്ചക്ക് ഇരയായത് പാവം ഉസ്മാന് എന്ന ഓട്ടോക്കാരന്. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഓട്ടോ സ്റ്റാന്റിലെത്തിയ ഉസ്മാന് 14 ദിവസത്തെ ക്വാറന്റൈന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവുമാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കേണ്ട ചുമതല വഹിക്കേണ്ടത് സര്‍ക്കാറാണ്. ഇവര്‍ക്കായി പ്രത്യേകം വാഹനങ്ങളോ ആംബുലന്‍സ് സര്‍വീസോ ഒരുക്കിയിരുന്നെങ്കില്‍ ഈ പാവം ഓട്ടോ ഡ്രൈവര്‍ക്ക് ഈ ഗതി വരില്ലായിരുന്നു.
12 ഓളം ആളുകള്‍ സ്വന്തം നിലക്കാണ് വീട്ടിലേക്ക് പോയത്. സമീപത്തെ എ.ടി.എം കൗണ്ടറുകളിലും കടകളിലുമെല്ലാം ഇവര്‍ കയറി ഇറങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഇവരോട് അടുത്തിടപെട്ട് ബസ് സ്റ്റോപ്പിലും മറ്റും നിന്നതും ഗുരുതര വീഴ്ച്ചയാണ്. വരും ദിവസങ്ങളിലും ഇതുപോലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തും. ഇവരെ പ്രത്യേകം നിരീക്ഷിച്ച് കൂടുതല്‍ സമ്പര്ക്കത്തിനൊന്നും ഇടകൊടുക്കാതെ വീട്ടിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയില്ലെങ്കില്‍ ഇതുപോലെ പാവങ്ങള്‍ പലരും ക്വാറന്റൈനില്‍ കിടക്കേണ്ടിവരും.