അവീര്‍ കെഎംസിസി: കനിവുകളുടെ അതുല്യ കേദാരം

എ.എ.കെ മുസ്തഫ
(എംഡി, എഎകെ ഗ്രൂപ് ഓഫ് കമ്പനീസ്)

തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കേദാരമാണ് പ്രവാസ ഭൂമികയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍, അഥവാ കെഎംസിസി. അതില്‍ തന്നെ അവീര്‍ കെഎംസിസി നിര്‍വഹിച്ചു വരുന്ന എണ്ണമറ്റ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ഏറെ പ്രശംസയര്‍ഹിക്കുന്നതുമാണ്.
പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എന്നും മുന്നണിയില്‍ അവീര്‍ കെഎംസിസിയുണ്ടെന്നത് പ്രവര്‍ത്തകരെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. നിര്‍ധന രോഗികള്‍ക്കും ആശ്രിതര്‍ക്കും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററുകളുടെ നെടുംതൂണായി അവീര്‍ കെഎംസിസി നിലകൊള്ളുന്നു. സിഎച്ച് സെന്റര്‍ തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലെ സിഎച്ച് സെന്ററുകള്‍ കൂടാതെ, പഴയങ്ങാടി, കൊയിലാണ്ടി, മാഹി, തലശ്ശേരി, വയനാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സിഎച്ച് സെന്ററുകള്‍ക്കും അവീര്‍ കെഎംസിസിയുടെയും എഎകെ ഗ്രൂപ്പിന്റെയും പിന്തുണ സജീവമായി നല്‍കി വരുന്നു.
കിടപ്പാടമില്ലാതെ, അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന അനേകായിരം ആളുകള്‍ക്ക് ജാതി-മത ഭേദമന്യേ പാര്‍പ്പിട
സൗകര്യങ്ങളൊരുക്കാനായി ആവിഷ്‌കരിച്ച ബൈത്തുറഹ്മ പദ്ധതി പോലും കെഎംസിസിയുടെ കരങ്ങളിലൂടെയാണ് സാക്ഷാത്കൃതമായത് എന്നത് നിസ്തര്‍ക്കമാണ്.
ലക്ഷോപലക്ഷം പേര്‍ക്ക് കുടിവെള്ള പദ്ധതികളും ആഹാരം നല്‍കാനുതകുന്ന റേഷന്‍ പദ്ധതികളും ഉപജീവനത്തിനായി കുടുംബ പെന്‍ഷന്‍ പദ്ധതികളും അവീര്‍ കെഎംസിസിയെ മറ്റു സേവന സംഘടനകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഇഫ്താര്‍ വിരുന്നുകളൊരുക്കാനും കെഎംസിസി എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ മാത്രം സ്മരണയില്‍ മുഴുകി ലൗകിക മായിക സ്വപ്നങ്ങളില്‍ നിന്നും കപട ജാടകളില്‍ നിന്നും തെല്ലു വേര്‍പെട്ടു നില്‍ക്കാനും മന:ശാന്തിയേകുന്ന ആരാധനാ കര്‍മങ്ങളില്‍ മുഴുകാനും അടിമകള്‍ക്ക് ഉള്‍പ്രേരണ നല്‍കുന്ന വിശുദ്ധ മാസമാണ് കടന്നു പോയിരിക്കുന്നത്.
കാരുണ്യങ്ങളുടെ കൂമ്പാരമാണ് റമദാനില്‍ നിറഞ്ഞൊഴുകിയത്. ദാന പ്രക്രിയയിലെ ഉദാരത നിറഞ്ഞൊഴുകിയ അനുപമമായ വേളകള്‍. ഇക്കൊല്ലം ഇത്തരം കര്‍മങ്ങള്‍ക്കൊക്കെയും കോവിഡ് പ്രതിസന്ധി വരുത്തിയിരിക്കുകയാണെന്നത് നമ്മെ ഏവരെയും ഒരുപോലെ ദു:ഖിപ്പിക്കുന്നതാണ്. എങ്കിലും, ഈ പരിത:സ്ഥിതിയിലും നിസ്സഹായര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും കൈത്താങ്ങാകുന്നതും കെഎംസിസി തന്നെയാണ് എന്നത് പ്രത്യേകം പ്രശംസനീയവും പ്രസ്താവ്യവുമായ കാര്യമാണ്.
വര്‍ഷം തോറും പ്രവാസ ഭൂമികയായ യുഎഇയിലെ ഇഫ്താര്‍ കൂടാരങ്ങളും കെഎംസിസി പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈ കെഎംസിസി ആസ്ഥാനത്ത് ഇഫ്താറിനായൊരുക്കിയ ടെന്റില്‍ ദിനേന ആയിരക്കണക്കിനാളുകള്‍ക്കാണ് നോമ്പുതുറക്ക് സൗകര്യമൊരുക്കിയിരുന്നത്. അതിലൊരുക്കുന്ന വിഭവ സമൃദ്ധമായ വിരുന്നും ഭക്ഷ്യദാനവും മാതൃകാപരമായിരുന്നു. നീണ്ട 30 നാളുകള്‍ സുഭിക്ഷമായാണ് ആഹാരം അര്‍ഹരായ പതിനായിരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ നിന്നും ലഭിച്ചിരുന്നത്. സമ്പന്നര്‍ പോലും ഈ വിരുന്നില്‍ പങ്കു ചേരാറുണ്ടായിരുന്നു. ഇത്തരം ദാന ധര്‍മങ്ങളുടെ കേദാരം ആയതു കൊണ്ടു തന്നെയാണ് കെഎംസിസി എന്ന മഹത്തായ പ്രസ്ഥാനം ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. റമദാനില്‍ യുഎഇ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരകളിലും കെഎംസിസിയുടെ ശ്രദ്ധേയമായ ഭാഗധേയം ഉണ്ടായിരുന്നു.
കെഎംസിസി ടെന്റിലെ ഇഫ്താര്‍ വിരുന്നുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ താങ്ങായി നില്‍ക്കാന്‍ അവീര്‍ കെഎംസിസിക്ക് കഴിഞ്ഞിരുന്നു. അവീര്‍ കെഎംസിസി മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ വിനീതന് അതില്‍ അതിരറ്റ ആഹ്‌ളാദവും സംതൃപ്തിയുമുണ്ട്. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും എഎകെ ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ എന്റെ പിതാവ് പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയുടെ അതേ
പാരമ്പര്യം കാത്തുസൂക്ഷിക്കാനാകുന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
ഈ വര്‍ഷം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇഫ്താര്‍ ടെന്റുകളില്ലെങ്കിലും ക്വാറന്റീന്‍ സെന്ററുകളിലേക്കും ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും പഴങ്ങളും ഭക്ഷണ കിറ്റുകളുമെത്തിക്കാന്‍ അവീര്‍ കെഎംസിസി മുന്‍പന്തിയില്‍ തന്നെയുണ്ട്. അവീര്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ കെഎംസിസിയുടെ ശാഖ തുടങ്ങാനും അതിന് ഓഫീസ് സങ്കേതമൊരുക്കാനും നേതൃത്വം നല്‍കാനായതിലും എഎകെ ഗ്രൂപ്പിന് വലിയ സന്തോഷമുണ്ട്.

2000 മുതല്‍ അവീര്‍ കെഎംസിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്നത് എഎകെ ബിസിനസ് സമുച്ചയത്തിലാണ്. അവീര്‍ കെഎംസിസിയുടെ മുഖ്യ രക്ഷാധികാരിയായി തുടക്കം മുതല്‍ ഇന്നു വരെയും ഉപ്പ ബാവ ഹാജി നേതൃത്വം നല്‍കി വരികയാണ്. സഹോദരങ്ങളായ ആലി ഹാജി, മുഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് അലി തുടങ്ങിയവര്‍ രക്ഷാധികാരികളായും ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ, അയലക്കാട് അഹമ്മദ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും പ്രവര്‍ത്തിച്ചു വരുന്നു.
2000 മുതല്‍ ആറു വര്‍ഷത്തോളം പ്രസിഡണ്ടായി പ്രവര്‍ത്തിച്ച കെ.പി മുഹമ്മദ് ഇന്നും മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. 2007 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഈ വിനീതനായിരുന്നു അവീര്‍ കെഎംസിസിയുടെ പ്രസിഡന്റ്. യുഎഇയിലെ ജീവകാരുണ്യ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ എന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു. യുഎഇ സിഎച്ച് സെന്റര്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം, യുഎഇയിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഐപിഎയുടെ ചാരിറ്റി വിംഗ് ചെയര്‍മാന്‍ കൂടിയാണ് എന്നതിലും എനിക്ക് അഭിമാനമുണ്ട്. ഇന്ത്യന്‍, കേരള രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെല്ലാം അവീര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും തൊഴിലാളികളുമായി സംവദിക്കാനും സന്ദര്‍ഭമൊരുക്കാന്‍ എനിക്ക് അവസരമുണ്ടായതിലും സന്തോഷമുണ്ട്. യുഎഇ ദേശീയ ദിനം വര്‍ഷം തോറും ഘോഷയാത്രയും മധുര
വിതരണവുമായി സാഘോഷം കൊണ്ടാടാനും എന്റെ നേതൃത്വത്തില്‍ അവീര്‍ കെഎംസിസിക്ക് സാധിച്ചതിലും ഞാന്‍ സന്തുഷ്ടനാണ്. നിസ്തുലമായ മറ്റു നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും അവീര്‍ കെഎംസിസി നിര്‍വഹിച്ചു വരുന്നു.
മുന്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ റസാഖ് തായിലക്കണ്ടിയായിരുന്നു ഏറെക്കാലം അവീര്‍ കെഎംസിസിയുടെ കാര്യദര്‍ശി. പ്രവാസ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നിഷ്‌കളങ്ക പ്രവര്‍ത്തനത്തിനുടമയായ  കെ.പി മുഹമ്മദ് പ്രസിഡന്റും സി.എം അഷ്‌റഫ്ജന.സെക്രട്ടറിയുമായി നിലവിലെ അവീര്‍ കെഎംസിസികമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് റാഫി, സിദ്ദീഖ് തിരൂര്‍, ഷഫീഖ് നടുവട്ടം, എം.എ കൊണ്ടോട്ടി, മുനീര്‍ വയനാട്, ഇമ്പിച്ചി മമ്മു, സല്‍മാന്‍, സുബൈര്‍, ഉസ്മാന്‍ തുടങ്ങിയവരും നേതൃനിരയിലുണ്ട്.
എല്ലാറ്റിനുമുപരി സാധാരണക്കാരായ നിസ്വാര്‍ത്ഥ പ്രവര്‍ത്തകരുടെ കരുത്താണ് സംഘടനയുടെ കൈമുതല്‍. അവരാണ് എന്നും ശക്തിയും.