സഊദി, ബഹറൈന്‍ പ്രവാസികളുടെ ആദ്യ സംഘങ്ങളും നാട്ടിലെത്തി

21
ഇന്നലെ രാത്രിയോടെ കരിപ്പൂരില്‍ എത്തിയ സഊദിയില്‍നിന്നുള്ള പ്രവാസികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട കുരുന്നിനെ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തുന്നു

കൊണ്ടോട്ടി/കൊച്ചി: കോവിഡ്19 ആശങ്കകള്‍ക്കിടെ ആശ്വാസമായി റിയാദില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘവും നാട്ടിലെത്തി. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ രാത്രി 7.45 നാണ് 152 പേരടങ്ങുന്ന സംഘം കരിപ്പൂരില്‍ എത്തിയത്. യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയ ശേഷം ചെറു സംഘങ്ങളാക്കി 10 മണിയോടെ പുറത്തിറക്കി.152 യാത്രക്കാരില്‍ 148 മുതിര്‍ന്നവരും നാല് കൂട്ടികളുമുണ്ട്. 103 പേരും സത്രീകളാണ്. ഈ വിമാനം പിന്നീട് മുംബയിലേക്ക് യാത്രക്കാരില്ലാതെ മടങ്ങി. എയ്‌റോ ബ്രിഡ്ജില്‍വച്ച് തന്നെ യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയമാക്കി വിവരശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. 20 അംഗങ്ങ ളുള്ള സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. റിയാദില്‍ നിന്ന് എത്തിയ പ്രവാസി സംഘത്തില്‍ 84 പേര്‍ ഗര്‍ഭിണികളുണ്ട്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താ വളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റാഫ് നഴ്‌സുമാരുമുണ്ടായിരുന്നു. കൂടുതല്‍ ആംബുലന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇവരെയും കുട്ടികളെയും 70 വയസ്സിന് മുകളില്‍ ഉള്ളവരെയും വീട്ടിലേക്ക് അയച്ചു. ഇന്നലെ വന്നവരില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 142 പേരും എട്ട് കര്‍ണ്ണാടക സ്വദേശികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടും. അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തിയവരാണ്. എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ട്. മലപ്പുറം 48, പാലക്കാട് 10, കോഴിക്കോട് 23, വയനാട് നാല്, ആലപ്പുഴ മൂന്ന്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്,കണ്ണൂര്‍ 17, കാസര്‍ഗോഡ് രണ്ട്, കൊല്ലം ഒമ്പത്, കോട്ടയം ആറ്, പത്തനംതിട്ട ഏഴ്, തിരുവനന്തപുരം രണ്ട് എന്നിങ്ങ നെയാണ് ജില്ല തിരിച്ച കണക്ക്. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി.എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.കെ.സക്കീന,എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാന ത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു മറ്റ് ഉദ്യോഗസ്ഥ ര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി ഒരുക്കങ്ങളും വിലയിരുത്തി. ബഹറൈനില്‍നിന്നുള്ള ഒരു വിമാനവും ഇന്നലെ കേരളത്തിലെത്തി. രാത്രി പന്ത്രണ്ട് മണിയോടെ എത്തിയ വിമാനത്തില്‍ അഞ്ചു കുഞ്ഞുങ്ങളെ കൂടാതെ 177 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെയെല്ലാം വിശദമായ പരിശോധനകള്‍ക്ക് ശേഷം അതാത് ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.