ആദ്യ വണ്ടി പോയത് ബീഹാറിലേക്ക്, മടങ്ങിയത് 1140
അതിഥി തൊഴിലാളികള്‍
കണ്ണൂര്‍: മഹാരോഗത്തിന്റെ പിടിയില്‍ നിന്ന് തങ്ങളെ കാത്ത കണ്ണൂരിന് നന്ദിയറിയിച്ച് ഭായിമാര്‍ മടങ്ങി. വീടണയാന്‍ അവസരമൊരുങ്ങിയതിലെ സന്തോഷത്തോടെ. ഘര്‍ ജാനേ കേലിയേ മൗഖാ മിലാ, ബഹുത് ഖുശീ ഹേ. ഏക് മഹീനേ ഹോഗയാ ഘര്‍ ജാനേ കേലിയേ സോച് രഹാതേ’.. കണ്ണൂരില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ വണ്ടിയില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനായതിലെ സന്തോഷത്തിലായിരുന്നു 1140 പേരും.
ബീഹാര്‍ പൂര്‍ണിയ സ്വദേശി ഖുര്‍ബാന്‍ ആലം ആ സന്തോഷം പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ഭക്ഷണമുള്‍പ്പെടെ നല്‍കി തങ്ങള്‍ക്ക് സംരക്ഷണമേകിയ നാടിനോട് വിട പറയുമ്പോള്‍ ഖുര്‍ബാന്‍ നിറ കണ്ണുകളോടെ കൈകൂപ്പി. നന്ദി അറിയിച്ച് കൊണ്ടുതന്നെ.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്വദേശമായ ബീഹാറിലേക്ക് മടങ്ങിയത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വൈകുന്നേരം ഏഴ് മണിക്കായിരുന്നു ആദ്യ സംഘം യാത്രയായത്. ജില്ലാ കലക്ടര്‍ ടിവി സുഭാഷ് ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തു. കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളെ സംരക്ഷിച്ച്, ആവശ്യമായ സഹായങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടായിരുന്നു അവരുടെ മടക്കം. നാളെ ഒരു വണ്ടി കൂടി ബീഹാറിലേക്ക് പുറപ്പെടും.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. കണ്ണൂര്‍ ഡിപ്പോയിലെ 30 ബസുകളിലും തലശ്ശേരി ഡിപ്പോയിലെ 10 ബസുകളിലുമാണ് തൊഴിലാളികളെ എത്തിച്ചത്.
സാമൂഹിക അകലം ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസില്‍ എത്തിയത് 30 പേരാണ്. കണ്ണൂര്‍ കോര്‍പ്പറേഷന് പുറമെ അഴീക്കോട്, ചെമ്പിലോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധര്‍മ്മടം, കൂടാളി പഞ്ചായത്തുകളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു അതിഥി തൊഴിലാളികളില്‍. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
നാളെ രാവിലെയാണ് വണ്ടി ബീഹാറിലെ സഹര്‍സ സ്‌റ്റേഷനില്‍ എത്തുക. സാമൂഹിക അകലം പാലിച്ചാണ് വണ്ടിയിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.