നിര്‍ധന കുടുംബത്തിന് പെരുന്നാള്‍ സമ്മാനമായി ബൈത്തുറഹ്മ

27
ബൈത്തുറഹ്മയുടെ താക്കോല്‍ദാനം മഹല്ല് ഖാസിഷറഫുദ്ദീന്‍ അന്‍വരി നിര്‍വ്വഹിക്കുന്നു

തച്ചമ്പാറ: കയറിക്കിടക്കാന്‍ കൂരയില്ലാതെ രണ്ടു പെണ്മക്കളുമായി വാടകവീട്ടില്‍ കഴിഞ്ഞ സമീനക്ക് ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങാം. ഏറെ ക്ലേശങ്ങള്‍ സഹിച്ച് വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിഞ്ഞ ഷമീനക്കും മക്കള്‍ക്കും ഇത് പെരുന്നാള്‍ സമ്മാനമാണ്. ഏറെ നാളുകളായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കൂരക്ക് കീഴില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ കഷ്ടതകള്‍ മുസ്്‌ലിംലീഗ് കമ്മിറ്റി മനസ്സിലാക്കിയതോടെയാണ് കുടുംബത്തിന് ബൈത്തുറഹ്മ നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. മുസ്‌ലിം ലീഗ് കല്ലടിക്കോട്മാപ്പിളസ്‌കൂള്‍ യൂണിറ്റാണ് അന്തരിച്ച ശിഹാബ് തങ്ങളുടെ പേരില്‍ ഈ കുടുംബത്തിന് ബൈത്തുറഹ്മ പൂര്‍ത്തിയാക്കി നല്‍കിയത്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ നിതാന്ത പരിശ്രമത്തിനൊടുവിലാണ്720 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ 12ലക്ഷംരൂപ ചെലവില്‍ എല്ലാ സൗകര്യത്തോടെയുമുള്ള മനോഹരമായ ഈ വീട് പണിതു കൊടുക്കാന്‍ കഴിഞ്ഞത്. വീടിന്റെ സമീപത്തുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചും നിര്‍മാണ പ്രവര്‍ത്തനവുമായി പൂര്‍ണ്ണമായും സഹകരിച്ചു. ലോക്ക് ഡൗണ്‍ കാരണത്താല്‍ ലളിതമായി സംഘടിപ്പിച്ച ഗൃഹപ്രവേശന ചടങ്ങില്‍, തുപ്പനാട് മഹല്ല് ഖാസി ഷറഫുദ്ദീന്‍ അന്‍വരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.തോമസ് ജോണ്‍ തടത്തില്‍, യൂണിറ്റ് പ്രസിഡന്റ് എം.എ.റഷീദ്,സെക്രട്ടറി ഷംസുദ്ദീന്‍, അസ്‌കര്‍ പാലക്കല്‍, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.