തീരത്തെ വറുതിക്കറുതിവരാന്‍ വലിയ വള്ളങ്ങള്‍ കടലിലിറങ്ങണം

പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ തൊഴിലാളി പ്രതിനിധികളുമായി ഡെപ്യൂട്ടി കലക്ടറും ഫിഷറീസ് ഡയറക്ടറുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ച

ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമില്ല

പരപ്പനങ്ങാടി: കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി പിന്‍വലിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കൊടും വറുതിയില്‍ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. ചെറിയ വള്ളങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ അനുമതിയുള്ളത്. മലബാറില്‍ വിശിഷ്യാ മലപ്പുറം ജില്ലയില്‍ രണ്ടാളുകള്‍ കയറുന്ന അയക്കുറ, ഏട്ട തുടങ്ങി വലിയര മീന്‍പിടിക്കാനായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഒഴുക്കുവല തോണി, കരഭാഗത്ത് രണ്ടുപേര്‍ വീതം ചേര്‍ന്ന് ചെറിയ ഇനം മീനുകള്‍ക്കായി പോകുന്ന ഡിസ്‌ക്കോ തോണി, ഇരുപതുപേര്‍ കയറുന്ന എണ്ണത്തില്‍ വളരെ കുറവുള്ള റാണി വള്ളങ്ങളുമാണുള്ളത്. ഇത്തരം വള്ളങ്ങളില്‍ വന്‍തോതില്‍ മത്സ്യബന്ധനം നടക്കാറില്ല. കറിവെക്കാനും ഇന്ധന ചെലവിനും ഉള്ള വകതേടിയാണ് ഇത്തരം വള്ളങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നത്. ഇത് മൊത്തം ആവശ്യത്തിന്റെ രണ്ടോ മൂന്നോ ശതമാനമേ വരൂ. ഇത് കടലോരത്ത് തന്നെ വിറ്റഴിയുന്നതിനാല്‍ മാര്‍ക്കറ്റുകളിലെത്തുകയുമില്ല.ഇത്തരം നൂറിലേറെയുള്ള ചെറു വള്ളങ്ങള്‍ പിടിക്കുന്ന മത്സ്യം ഒരുവലിയ വള്ളത്തിന് ഒരുതവണ കൊണ്ട് പിടിക്കാനാകും. നാല്‍പതും അമ്പതും പേര്‍ കയറുന്ന വലിയ യന്ത്രവല്‍കൃത വള്ളങ്ങള്‍ക്ക് കടലിലിറങ്ങാനുള്ള അനുമതി നല്‍കിയാലേ തീരത്തെ പട്ടിണിയും വറുതിയും അവസാനിക്കുകയുള്ളൂ. കൂടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യത്തിന്റെ വരവ് തടയാനുമാകുകയുള്ളു. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലും 65 അടി നീളമുള്ള വലിയ വള്ളങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയിട്ടില്ല. 32 അടി വരെ വലിപ്പമുള്ള വള്ളങ്ങള്‍ക്കാണ് പുതിയതായി ഇളവനുവദിച്ചത്. ഇത്തരം വള്ളങ്ങളില്‍ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നുമില്ല. ഫലത്തില്‍ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ മത്സ്യബന്ധന മേഖലയില്‍ വരുത്തിയ ഇളവുകള്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇക്കാര്യം തൊഴിലാളി പ്രതിനിധികള്‍ കടലോരത്തെ മത്സ്യബന്ധന മേഖലയില്‍ സന്ദര്‍ശിക്കാനും സര്‍ക്കാരിന്റെ ഇരുപതിന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും എത്തിയ ഫിഷറീസ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന മറുപടിയാണ് ലഭിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഒ.രേണുകാദേവി, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസര്‍ കുഞ്ഞി മുഹമ്മദ്, മത്സ്യ ഫെഡ് ജില്ലാ മാനേജര്‍ ചന്ദ്രസേനന്‍ വിവിധ യൂണിയന്‍ നേതാക്കളായ കെ.എസ് സൈതലവി, കെ.മുസ്തഫ, കുഞ്ഞിമരക്കാര്‍, സി.സുബൈര്‍ എന്നിവരുമായാണ് ചാപ്പപ്പടി ഫിഷ് ലാന്റിങില്‍ ചര്‍ച്ച നടത്തിയത്. താനൂരിലും പൊന്നാനിയിലും ചര്‍ച്ച നടന്നിരുന്നു.