സാമൂഹ്യ അകലവും സമയവും പാലിച്ചില്ല; ബാറില്‍ ബഹളം
മലപ്പുറം: കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി നിലച്ച മദ്യ വില്‍പ്പന പുനരാരംഭിച്ച ഇന്നലെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടായത്. ബവ്്ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്കാണ് മദ്യം ലഭിക്കുകയെന്നിരിക്കെ ഇതൊന്നും അറിയാതെ നൂറുകണക്കിനാളുകളാണ് ബിവ്കോ, കണ്‍സ്യൂമര്‍ ഫെഡ്, ബാറുകള്‍ എന്നിവിടങ്ങളില്‍ മദ്യം വാങ്ങാനെത്തിയത്. ഇതര സംസ്ഥാനങ്ങളിലുള്ള ചരക്ക് വാഹനങ്ങളിലെ തൊഴിലാളികളും ഇ ടോക്കണ്‍ എടുക്കാതെ മദ്യം വാങ്ങാനെത്തിയിരുന്നു.
എന്നാല്‍ മദ്യം വാങ്ങാനെത്തിയവരും അധികൃതരും ഇടപെട്ടാണ് ഇവരെ മടക്കി വിട്ടത്. മദ്യം വാങ്ങാനെത്തുന്നവര്‍ തിക്കും തിരക്കും കൂട്ടില്ലെന്നും സാമൂഹ്യ അകലം പാലിക്കാനായി കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലും അതൊന്നും പാലിക്കപ്പെട്ടില്ല. ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് പ്രത്യേക ഇ ടോക്കണ്‍ ലഭിക്കും. ഇതു കാണിച്ചാണ് മദ്യം വാങ്ങേണ്ടത്.
മദ്യം വാങ്ങാന്‍ എത്തേണ്ട പ്രത്യേക സമയവും ഇ-ടോക്കണ്‍ വഴി ലഭിക്കും. എന്നാല്‍ ടോക്കണില്‍ ലഭിക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തിയാല്‍ മണിക്കൂറുകളോളം നിന്നാലേ മദ്യം ലിഭക്കൂ എന്ന സ്ഥിതിയായി. ഇത് പലയിടത്തും ബഹളങ്ങള്‍ക്ക് ഇടയാക്കി. പലര്‍ക്കും മണിക്കൂറുകളോളം കാത്തിരുന്നാണ് മദ്യം ലഭിച്ചത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവിടങ്ങളില്‍ പാലിക്കപ്പെട്ടില്ല. ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില് ചില സമയങ്ങളിലെങ്കിലും എക്സൈസ്, പൊലീസ് പരിശോധനകള്‍ ഉണ്ടായിരുന്നെങ്കിലും ബാറുകളില്‍ ഇത്തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും തന്നെ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യമാണ് വാങ്ങാന്‍ കഴിയുക. ഇത് മറിച്ച് വില്‍ക്കുന്ന ബ്ലാക്ക് വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. ബാറുകളില്‍ നിന്ന് മൂന്നു ലിറ്റലില് കൂടുതല്‍ മദ്യം നല്‍കിയെന്നും ചിലര്‍ പരാതിപ്പെട്ടു.