അബുദാബി: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നത് സംബന്ധിച്ചും സമാനമായ അപകടകരമായ വിനോദങ്ങള്‍ സംബന്ധിച്ചും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നയനാനന്ദകരവും ശ്രവണ കൗതുകവും പകരുമെങ്കിലും പടക്കങ്ങളും വെടിക്കെട്ടുകളും അനുബന്ധ വിനോദ സൗകര്യങ്ങളും ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങള്‍ കണ്ണുകള്‍ക്ക് കേടുപാടുകള്‍, അന്ധത, വീട്ടിലെ തീപിടിത്തങ്ങള്‍ എന്നിവക്ക് കാരണമാകും. പടക്കങ്ങളും മറ്റും കുട്ടികള്‍ പ്രത്യേകിച്ചും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഗുരുതര പരിക്കുകളിലേക്ക് നയിച്ചേക്കാമെന്നും അതിനാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.