ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഭാഷാ അനുസ്മരണം സംഘടിപ്പിച്ചു

25

1980 ലെ ഭാഷാ സമരം സാംസ്‌കാരിക വിപ്‌ളവത്തിന്റെ ഭാഗം

ദുബൈ: 1980ല്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷാ സംരക്ഷണത്തിനായി മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ പോരാട്ടം ഭാഷാ വിവേചനത്തിനെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏത് ഭാഷകള്‍ പഠിക്കണമെന്നും സംസാരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന അസഹിഷ്ണതയുടെ മുഖം മൂടി അണിയുന്ന അധികാര വര്‍ഗങ്ങള്‍ക്കുള്ള വലിയ താക്കീതായിരുന്നു മജീദ്-റഹ്മാന്‍-കുഞ്ഞിപ്പമാരെ കുരുതി നല്‍കേണ്ടി വന്ന 1980ലെ ഭാഷാ സമരമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ സമരത്തെ മലയാള വിരുദ്ധ സമരമായി അവഹേളിച്ചവര്‍ക്ക് കേരളത്തിന് ആദ്യമായി ഒരു മലയാള സര്‍വകലാശാല അനുവദിച്ചു നല്‍കി മാതൃക കാണിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഭാഷാ സമര അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.
ഭാഷാ സമരം നടന്ന 1980ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ദേശീയ മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, തന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെ നടത്തിയ അനുസ്മരണ പ്രഭാഷണം ഏറെ ഹൃദ്യമായി. ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, ഡോ. അന്‍വര്‍ അമീന്‍, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, കെ.പി.എ സലാം അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. മുജീബ് കോട്ടക്കല്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ഒ.ടി സലാം, കരീം കാലടി, ജലീല്‍ കുണ്ടോട്ടി, ശിഹാബ് ഏറനാട്, നൗഫല്‍ വേങ്ങര, അബ്ദുല്‍ സലാം പരി എന്നിവരും സംസാരിച്ചു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വിവിധ മണ്ഡലം നേതാക്കളും പങ്കെടുത്തു. പി.വി നാസര്‍ സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.