പിറന്നാളോഘോഷം: പഞ്ചായത്തംഗമടക്കം 20ഓളം പേര്‍ക്കെതിരെ കേസ്

24
പിറന്നാള്‍ ആലോഷം സംബന്ധിച്ചു അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി അധികൃതര്‍ക്ക്പരാതി നല്‍കുന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ കൊറോണ പ്രത്യേക നിയമം മറികടന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ ജനപ്രതിനിധിയടക്കം ഇരുപതോളം പേര്‍ക്കെതിരെ കേസ്. കുമരംപുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് സി.പി.ഐ അംഗവും പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍സനുമായ മഞ്ജു തോമസ് അടക്കമുള്ളവര്‍ക്കെതിരെയാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.
എ.ഐ.വൈ.എഫ് ജില്ലാ നേതാവ് പ്രഷോബിന്റെ പിറന്നാളോഘോഷമാണ് കുമരംപുത്തൂര്‍ എ.എസ് ഓഡിറ്റോറിയത്തില്‍ കേക്ക് മുറിച്ച് പാക്കിങ് ചെയ്യാന്‍ കൊണ്ടുവന്ന പൊടികള്‍ വാരിവിതറി ആഘോഷിച്ചത്. മഞ്ജു തോമസ്, പ്രശോഭ്, ലോക്കല്‍ കമ്മിറ്റി ഭാരവാഹി മുസ്തഫ, റഷീദ്, രമേശ് തുടങ്ങിയവരാണ് മുഖ്യപ്രതികള്‍. സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സ്‌പെഷ്യല്‍ കിറ്റ് പാക്കിങ് നടത്തുന്ന കേന്ദ്രത്തില്‍ നിരവധി സി.പി.ഐ, എ.ഐ.വൈ എഫ് പ്രവര്‍ത്തകരാണ് ദിനം പ്രതി ഒത്തുകൂടുന്നത്.
സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്ക് പോലും ധരിക്കാതെയുമാണ് ഇവര്‍ ജോലിയില്‍ ഏര്‍പെട്ടിരുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പിറന്നാളോഘോഷത്തിന്റെ വീഡിയോയും ഫോട്ടോകളും എടുത്ത് നവ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ തന്നെയാണ് പ്രചരിപ്പിച്ചത്. സംഭവം ചര്‍ച്ച ആയതോടെ സോഷ്യല്‍ മീഡിയകളില്‍ നിന്നും ഇവകള്‍ പിന്‍വലിച്ചിരുന്നു. ഭക്ഷ്യ ധാന്യങ്ങള്‍ പാക്ക് ചെയ്യുന്ന കേന്ദ്രത്തില്‍ സാമൂഹിക അകലം ലംഘിച്ച കുറ്റത്തിന് മണ്ണാര്‍ക്കാട് സി.ഐ എം.കെ സജീവിന്റെ നേതൃത്വത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാക്കിങ് കേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ മറ്റൊരു സംഭവവും ഉണ്ടായതായും പറയപ്പെടുന്നുണ്ട്. അതുമായി ബന്ധപെട്ട് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും ഇപ്പോള്‍ അപ്രത്യക്ഷ്യമായിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്.