ബസുകളില്‍ നിബന്ധനകള്‍ പാലിക്കാന്‍ മടിച്ച് യാത്രക്കാര്‍

10

കണ്ണൂര്‍: ജില്ലയില്‍ കെഎസ്ആര്‍ടിസിക്കൊപ്പം സ്വകാര്യ ബസുകളും സര്‍വീസ് തുടങ്ങി. 30ലധികം ബസുകളാണ് ഇന്നലെ വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയത്. രാവിലെയും വൈകീട്ടുമായിരുന്നു കൂടുതല്‍ സര്‍വീസുകള്‍. അതേസമയം യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ആദ്യ ദിനമായതിനാല്‍ വ്യക്തമായ സമയക്രമം ഇല്ലായിരുന്നു.
വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കണക്കാക്കി സര്‍വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ജില്ലയില്‍ 1200 ലധികം സ്വകാര്യ ബസുകളാണുള്ളത്. ഇതില്‍ പലതും ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പിലാണ്. പണി കഴിഞ്ഞ ബസുകളാണ് ഇന്നലെ നിരത്തിലിറക്കിയത്.
ക്ലീനറെ ഒഴിവാക്കിയായിരുന്നു ബസുകളുടെ സര്‍വീസ്. യാത്രക്കാര്‍ കുറവായത് ബസുടമകള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. അതേ സമയം ഇന്നലെ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു 32 ബസുകളും തലശ്ശേരിയില്‍ നിന്ന് 15 ബസുകളും പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് 13 ബസുകളും സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറവായതിനാല്‍ വരും ദിവസങ്ങളില്‍ ബസുകളുടെ എണ്ണം കൂട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ പാലിച്ചാകണം യാത്രയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പാഴും അവ പാലിക്കുന്നില്ല പലരും. ബസിന്റെ പിന്‍ഭാഗത്ത് കൂടെ കയറി മുന്‍ വാതിലിലൂടെ ഇറങ്ങണമെന്ന നിബന്ധനയുണ്ടെങ്കിലും സ്ത്രീകള്‍ മുന്‍ ഭാഗത്ത് കൂടിയും പുരുഷന്‍മാര്‍ പിന്‍ഭാഗത്ത് കൂടിയും തന്നെയാണ് കയറുന്നതും ഇറങ്ങുന്നതും.
കണ്ടക്ടര്‍ പറഞ്ഞിട്ടും യാത്രക്കാര്‍ നിര്‍ദേശം പാലിക്കാന്‍ തയ്യാറാകുന്നില്ല. ബസില്‍ കയറി കഴിഞ്ഞാല്‍ പലരും മാസ്‌ക് അഴിച്ച് വെക്കുന്ന പ്രവണതയും ഉണ്ടെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു. സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ മടിക്കുന്നവരും ഉണ്ട്. ഓരോ സര്‍വീസിന് ശേഷവും സ്റ്റാന്റില്‍ എത്തിയാല്‍ വാഹനം അണുവിമുക്തമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നാണ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം.
നിലവില്‍ മറ്റ് രാജ്യത്ത് നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവരെ കൃത്യമായി നിരീക്ഷണത്തിലാക്കുമ്പോള്‍ പൊതു ഗതാഗത സംവിധാനം ഇത്രയധികം കര്‍ശനമാക്കേണ്ട ആവശ്യമുണ്ടോയെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംവി വത്സലന്‍ ചോദിച്ചു.