കോഴിക്കോട് ഒരാള്‍ക്കു കൂടി കോവിഡ്

23

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഒരു കോവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മുംബൈയില്‍ നിന്ന് വന്ന 22 വയസ്സുള്ള അരിക്കുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 11 ന് രാത്രി മുംബൈയില്‍ നിന്നു ബസ്സില്‍ യാത്ര പുറപ്പെട്ട് 13 ന് രാവിലെ 8.30 ന് കൊയിലാണ്ടിയില്‍ എത്തി അരിക്കുളത്തുള്ള കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 17 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. ഇതില്‍ 24 പേര്‍ക്കാണ് രോഗം ഭേദമായത്. ബാക്കി 12 കോഴിക്കോട് സ്വദേശികളും കൂടാതെ, രണ്ട് ഇതര ജില്ലക്കാരും പോസിറ്റീവായി ജില്ലയില്‍ ചികിത്സ തുടരുന്നു. ഇന്നലെ 86 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3044 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2978 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2934 എണ്ണം നെഗറ്റീവ് ആണ്. 66 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ 410 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 410 പേര്‍ ഉള്‍പ്പെടെ 5608 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 25,029 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 12 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. എട്ട് പേര്‍ ആശുപത്രി വിട്ടു. ഇന്നലെ വന്ന 105 പേര്‍ ഉള്‍പ്പെടെ ആകെ 671 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 267 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 390 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 89 പേര്‍ ഗര്‍ഭിണികളാണ്. ജില്ലയില്‍ കോവിഡ് 19 പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി. മെയ് 18 മുതലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ക്വാറന്റൈനിലുളള വ്യക്തികളില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണം ഉണ്ടാവുകയാണെങ്കില്‍ അവരുടെ ചികിത്സ ഈ സെന്ററില്‍ നിന്നും നല്‍കും.
കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആസ്പത്രിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനാവശ്യമായ മറ്റ് സൗകര്യങ്ങളും ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാണ്.