50 പേര്‍ക്ക് ആകെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 ഉം 68 ഉം വയസ്സുള്ള ഏറാമല സ്വദേശികളായ രണ്ട് പേര്‍ക്കും 22 വയസ്സുള്ള നാദാപുരം സ്വദേശിക്കും 40 വയസ്സുള്ള കട്ടിപ്പാറ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ആദ്യത്തെ രണ്ടു പേര് മേയ് 11 നു ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായി. മൂന്നാമത്തെയാള്‍ മെയ് 12 ന് ദുബായ് കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തി, വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 24 ന് സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. നാലാമത്തെ വ്യക്തി മെയ് 19 ന് റിയാദ് കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരിലെത്തി, താമരശ്ശേരി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 24 ന് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയില്‍ പോസിറ്റീവായി. നാലു പേരും കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 50 ആയി. ഇവരില്‍ 25 പേര് രോഗം ഭേദമായി ആസ്പത്രി വിട്ടു. നിലവില്‍ കോഴിക്കോട് സ്വദേശികളായ 25 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 8 പേര് കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലും 5 പേര് കണ്ണൂര്‍ ജില്ലയിലുമാണ് ചികിത്സയിലുള്ളത്.
852 പേര് കൂടി നിരീക്ഷണത്തില്‍;
പൂര്‍ത്തിയാക്കിയവര്‍ 27037
വീടുകളില്‍ നിരീക്ഷണത്തില്‍ 108 ഗര്‍ഭിണികള്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 852 പേര് ഉള്‍പ്പെടെ 7709 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 27037 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 11 പേര് ഉള്‍പ്പെടെ 52 പേരാണ് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 46 പേര് മെഡിക്കല്‍ കോളജിലും ആറു പേര് കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ്. 16 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും 2 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
ഇന്നലെ 106 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3719 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3615 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3557 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 104 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്നലെ പുതുതായി പ്രവാസികള്‍ നിരീക്ഷണത്തില്‍ വന്നിട്ടില്ല. നിലവില്‍ ആകെ 1040 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 388 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 640 പേര് വീടുകളിലുമാണ്. 14 പേര് ആസ്പത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 108 പേര് ഗര്‍ഭിണികളാണ്.