കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി കോവിഡ്

40

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. 53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.
ആദ്യത്തെയാള്‍ മെയ് 17 ന് വിമാനമാര്‍ക്ഷം അബുദാബിയില്‍ നിന്ന് കരിപ്പൂരില്‍ എത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി കോവിഡ് കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. മെയ് 25 ന് സ്രവപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
രണ്ടാമത്തെ വ്യക്തി മെയ് 21 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 25 ന് കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് ഫലം പോസിറ്റീവാകുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 52 ആയി. 25 പേര്‍ രോഗമുക്തരായതിനാല്‍ 27 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 8 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. ഇതുകൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും 1 തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്. ഇന്ന് 260 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 4103 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3851 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3784 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 252 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ 7566 പേര്‍ നിരീക്ഷണത്തില്‍; 1372 പ്രവാസികള്‍
കോഴിക്കോട്: പുതുതായി ഇന്നലെ വന്ന 648 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 7566 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 28,099 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 25 പേര്‍ ഉള്‍പ്പെടെ 70 പേരാണ് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 55 പേര്‍ മെഡിക്കല്‍ കോളജിലും 15 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 17 പേര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ജില്ലയില്‍ ഇന്നലെ വന്ന 289 പേര്‍ ഉള്‍പ്പെടെ ആകെ 1372 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 508 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 837 പേര്‍ വീടുകളിലുമാണ്. 27 പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 95 പേര്‍ ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 118 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2628 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7286 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ഗുജറാത്തില്‍ നിന്നു 458 മലയാളികള്‍ കോഴിക്കോട്ടെത്തി
കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിയ വിവിധ ജില്ലക്കാരായ 458 മലയാളികള്‍ കോഴിക്കോട്ടെത്തി. രാജ്‌കോട്ടില്‍ നിന്ന് പുറപ്പെട്ട 09378 നമ്പര്‍ രാജ്‌കോട്ട് തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനിലെ കേരളത്തിലെ ആദ്യ സ്‌റ്റോപ്പായിരുന്നു കോഴിക്കോട്. നാടണഞ്ഞവരില്‍ കോഴിക്കോട് ജില്ലക്കാര്‍ 121 പേരാണ്.
കണ്ണൂര്‍ 114, കാസര്‍കോഡ് 18, മലപ്പുറം 69, പാലക്കാട് 109, തൃശ്ശൂര്‍ 18, വയനാട് 9 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
വൈദ്യ പരിരോധനയ്ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ അതത് ജില്ലകളിലെ ആസ്പത്രികളിലേക്ക് മാറ്റി. അഞ്ച് പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അവരുടെ വീടുകളിലേക്കയച്ചു.