കോഴിക്കോട് ഒരാള്‍ക്കുകൂടി കോവിഡ്

12
പോയ്‌വരാം... രാജസ്ഥാനിലേക്ക് പോകാനെത്തുന്ന അന്യ സംസ്ഥാന തൊഴിലാളി കുടുംബം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇവര്‍ യാത്രതിരിച്ചത്‌

ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 25;
24 പേര്‍ക്ക് രോഗമുക്തി
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 40 പേര്‍ ഗര്‍ഭിണികള്‍

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ്. ബഹ്‌റൈനില്‍ നിന്നു 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ 37 കാരനായ വടകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 25 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആസ്പത്രി വിട്ടിരുന്നു.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും മെഡിക്കല്‍ കോളേജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്. ഇന്നലെ 59 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 2518 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3871 പേര്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതുവരെ 23173 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ വന്ന 13 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 4 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍ ഇന്നലെ വന്ന 37 പേര്‍ ഉള്‍പ്പെടെ ആകെ 277 പ്രവാസികളാണ് നിരീക്ഷണത്തിസുള്ളത്. ഇതില്‍ 123 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 149 പേര്‍ വീടുകളിലുമാണ്. 5 പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 40 പേര്‍ ഗര്‍ഭിണികളാണ്.

ഫാറൂഖ് കോളജ്
ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്ററില്ല
കോഴിക്കോട്: ഫാറൂഖ് കോളേജ് ഹോസ്റ്റലില്‍ ജില്ലാ ഭരണകൂടം കോവിഡ് കെയര്‍ സെന്റര്‍ തുറന്നതായി ഇന്നലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും നിലവില്‍ ഫാറൂഖ് കോളേജ് ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും നോഡല്‍ ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു അറിയിച്ചു. ഫറോക്കിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ കൂടുതല്‍ സൗകര്യം ആവശ്യപ്പെട്ട നാല് പേരെ പെയ്ഡ് ക്വാറന്റീനിലേക്ക് മാറ്റുകയുണ്ടായി. എന്‍.ഐ.ടി ഹോസ്റ്റല്‍ നിറഞ്ഞു എന്ന് വാര്‍ത്തയില്‍ പറയുന്നതും തെറ്റാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.