കോഴിക്കോട് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

23

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ എത്തിയവരാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു.
ഓമശ്ശേരി സ്വദേശി (51) ക്ക് 14ാം തിയ്യതിയും പേരാമ്പ്ര സ്വദേശി (55) ക്ക് 15ാം തിയ്യതിയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗംസ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി നരിപ്പറ്റ സ്വദേശി (43) മെയ് 9 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറില്‍ എത്തുകയും പാസില്ലാത്തതിനാല്‍ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തല്‍ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടില്‍ നീരീക്ഷണത്തിലായിരുന്നു.
13 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരില്‍ 24 പേര്‍ക്ക് രോഗമുക്തരായി ആസ്പത്രി വിട്ടു. നിലവില്‍ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
ഇന്നലെ 52 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2754 സ്രവ സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

5180 പേര്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ നിരീക്ഷണത്തില്‍ 385 പ്രവാസികള്‍
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 437 പേര്‍ ഉള്‍പ്പെടെ 5180 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതുവരെ 23349 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ വന്ന 10 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര്‍ ആസ്പത്രി വിട്ടു. ജില്ലയില്‍ ഇന്നലെ പുതുതായി പ്രവാസികളാരും നിരീക്ഷണത്തില്‍ എത്തിയിട്ടില്ല. ഇപ്പോള്‍ 385 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 157 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 217 പേര്‍ വീടുകളിലുമാണ്. 11 പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 59 പേര്‍ ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 17 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ 191 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2221 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6645 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.